യു.എ.ഇയുടെ ഗോൾഡൻ വിസക്ക് സമാനമായി ലോകമെമ്പാടുമുള്ള പ്രതിഭകൾക്ക് സൌദി പൗരത്വം നൽകാൻ രാജകീയ ഉത്തരവ്. മതം, മെഡിക്കൽ, ശാസ്ത്ര, ഗവേഷക, സാംസ്കാരിക, കായിക, കലാ രംഗത്തെ സ്പെഷ്യലിസ്റ്റുകൾക്കും വിശിഷ്ട പ്രതിഭകൾക്കുമാണ് പൌരത്വം അനുവദിക്കുക.
സാങ്കേതിക മേഖലകളിലെ വിദഗ്ധരെയും അസാധാരണമായ ആഗോള പ്രതിഭകളെയും ആകർഷിക്കുന്നതിനുള്ള സൌദിയുടെ പദ്ധതിയാണിത്. ഒപ്പം നിക്ഷേപവും സാമ്പത്തിക വികസനവും പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുകയും ലക്ഷ്യമാണ്.
സൗദി അറേബ്യയുടെ വിഷൻ 2030ൻ്റെ ഭാഗമായാണ് ഉത്തരവ്. എണ്ണയെ ആശ്രയിക്കുന്ന സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിക്കുന്ന ഒരു അഭിലാഷ വികസന പദ്ധതിയാണിത്. മനുഷ്യവിഭവശേഷി പ്രയോജനപ്പെടുത്തുന്നതിനും തീരുമാനം വഴിവയ്ക്കും.
2021ൽ സമാനമായ രാജകൽപ്പന പ്രകാരം അമേരിക്കക്കാരനും ഹെവല്യൂഷൻ ഫൗണ്ടേഷൻ്റെ സിഇഒയുമായ മെഹ്മൂദ് ഖാനും സിംഗപ്പൂർ വംശജനായ അമേരിക്കൻ ശാസ്ത്രജ്ഞൻ ജാക്കി യി-റു യിങിനും സൗദി പൗരത്വം ലഭിച്ചിട്ടുണ്ട്.വരും ദിവസങ്ങളിൽ ഇന്ത്യൻ പ്രതിഭകൾ ഉൾപ്പടെ നൂറുകണക്കിന് പേർക്ക് സൌദി പൌരത്വം അനുവദിക്കും.