റമദാനിൽ കാലത്ത് സൌദി അറേബ്യയിലെ പള്ളികളിൽ നടപ്പിലാക്കേണ്ടതായ മാനദണ്ഡങ്ങൾ പുറത്തിറക്കി സൗദി ഇസ്ലാമിക് അഫയേഴ്‌സ്, ദാവാഹ് & ഗൈഡൻസ് മന്ത്രാലയം. ഇസ്ലാമിക് അഫയേഴ്‌സ് വകുപ്പ് മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അൽ ഷെയ്‌ഖാണ് ഉത്തരവ് പുറത്തിറക്കിയത്.
അനുമതി നൽകിയിട്ടുള്ള ഇടങ്ങളിൽ മാത്രമേ ഇഫ്താർ നടത്താൻ പാടുള്ളൂവെന്നാണ് പ്രധാന നിർദ്ദേശം. പളളികളുടെ മുറ്റത്ത് ഉൾപ്പടെ ഇത് ബാധകമാണ്.ഇഫ്താർ വിരുന്നിന് ശേഷം ഇടങ്ങൾ കാലതാമസമില്ലാതെ ശുചിയാക്കേണ്ടതാണെന്നും മാനദണ്ഡങ്ങൾ കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് പള്ളികളിലെ ഇമാം ഉറപ്പ് വരുത്തണമെന്നും മന്ത്രാലയത്തിൻ്റെ ഉത്തരവിൽ പറയുന്നു. പള്ളിയുടെ പരിസരങ്ങളിൽ ഇഫ്താർ വിരുന്നൊരുക്കാൻ താത്‌കാലിക ടെൻ്റുകൾ കെട്ടുന്നതിനോ മുറികൾ ഉപയോഗിക്കുന്നതിനോ അനുമതിയില്ല.
ഇമാമും മറ്റു അധികാരികളും റമദാൻ മാസത്തിൽ ഉടനീളം പള്ളികളിൽ ഉണ്ടാകേണ്ടകണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു. ബാങ്ക്, ഇഖാമത്ത് എന്നിവയുടെ ചുമതലയുള്ളവർ കൃത്യസമയത്ത് ഹാജരാകണം. അല്ലാത്തപക്ഷം മന്ത്രാലയത്തിൻ്റെ സൈറ്റിലൂടെ മറ്റൊരാളെ ഏൽപ്പിക്കണം. പള്ളികളിൽ ക്യാമറകൾ സ്ഥാപിക്കുന്നതിനും നിസ്കാരം പകർത്തുന്നതിനും അനുവാദമില്ല. ഇഫ്താർ നടത്തുന്നതിനായി സാമ്പത്തിക സംഭാവനകൾ സ്വീകരിക്കുന്നതിനും അനുമതിയില്ല. പ്രാർത്ഥനകൾക്കായി പള്ളികളിലെത്തുന്നവർ ചെറിയ കുട്ടികളെ ഒപ്പം കൊണ്ട് വരുന്നത് ഒഴിവാക്കണമെന്നും ഉത്തരവിൽ പറയുന്നു. റമദാനിലെ പ്രാർത്ഥനയ്ക്കിടെ ബാഹ്യ ഉച്ചഭാഷിണികൾക്കും അനുവാദമില്ല
ഉമ്മുൽ ഖുറാ കലണ്ടർ പിന്തുടരണമെന്നും ഇശാ ബാങ്ക് കൃത്യസമയത്ത് നിർവഹിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു. സുബ്ഹി നമസ്‌കാരത്തിനും തഹജൂദ് നമസ്‌കാരത്തിനുമിടയിൽ ഇടവേള നൽകണമെന്നും തറാവീഹ് നമസ്‌കാരന് പ്രവാചകചര്യ പാലിക്കണമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.