ഡെന്മാർക്കിൽ ഖുർആൻ കോപ്പി കത്തിച്ച സംഭവത്തിൽ പ്രതിഷേധമറിയിക്കാൻ സൗദിയിലെ ഡെന്മാർക്ക് എംബസി ഷാർഷെ ദഫെയെ വിളിച്ച് വരുത്തി സൗദി വിദേശകാര്യ മന്ത്രാലയം. എല്ലാ മതപാഠങ്ങളും അന്താരാഷ്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും ലംഘിക്കുന്ന നിന്ദ്യമായ പ്രവൃത്തികൾ അവസാനിപ്പിക്കാനുള്ള സൗദിയുടെ ആഹ്വാനം ഉൾക്കൊള്ളുന്ന പ്രതിഷേധക്കുറിപ്പ് എംബസി ഷാർഷെ ദഫെക്ക് കൈമാറിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഡെന്മാർക്കിലെ ഒരു തീവ്രവാദി സംഘം ഖുർആൻ കോപ്പി കത്തിച്ചു. കൂടാതെ ഇസ്ലാമിനും മുസ്ലിംകൾക്കുമെതിരെ വിദ്വേഷ മുദ്രാവാക്യങ്ങൾ ഉയർത്തുകയും ചെയ്തതിനെ അപലപിച്ച് ഈ മാസം 22 ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. അതിന്റെ തുടർച്ചയായാണ് ഇപ്പോൾ വിദേശകാര്യ മന്ത്രാലയം ഡെന്മാർക്ക് എംബസി ഷാർഷെ ദഫെയെ വിളിപ്പിക്കുകയും നിന്ദ്യമായ പ്രവൃത്തികൾ നിർത്താൻ ആവശ്യപ്പെടുന്ന പ്രതിഷേധക്കുറിപ്പ് കൈമാറുകയും ചെയ്തത്.