സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷന്മാർക്ക് വിലക്കേർപ്പെടുത്തി സൗദി വാണിജ്യ മന്ത്രാലയം. ഇത്തരം തയ്യൽ കടകളിലെ തൊഴിലാളികളും ഉപഭോക്താക്കളും സ്ത്രീകളായിരിക്കണം എന്നത് നിർബന്ധമാണ്. ഈ നിയമപ്രകാരം ഇത്തരം കടകളിൽ അറ്റകുറ്റപണികൾക്ക് മാത്രമേ പുരുഷന്മാർക്ക് പ്രവേശനം അനുവദിക്കുകയുള്ളു. മാത്രമല്ല, വനിത ജോലിക്കാർ ജോലി അവസാനിപ്പിച്ച് പുറത്തുപോയ ശേഷം മാത്രമേ അറ്റകുറ്റപണികൾക്കായി പുരുഷന്മാരെ കടയിൽ പ്രവേശിക്കാൻ അനുവദിക്കുകയുള്ളു. ഗുണഭോക്താക്കളായ സ്ത്രീകളുടെ സ്വകാര്യത ഉറപ്പാക്കുന്നതിന് വേണ്ടി തയ്യൽ കടകൾ പ്രത്യേക രീതിയിൽ രൂപകൽപ്പന ചെയ്യാനും നിർദേശിച്ചിട്ടുണ്ട്. അകത്തുള്ളവരെ പുറത്തുനിന്ന് കാണാൻ കഴിയാത്ത രീതിയിലായിരിക്കും രൂപകല്പന.
കടയുടെ മുൻഭാഗത്ത് ഒരു റിസപ്ഷൻ ഏരിയയും ഡിസ്പ്ലേ ഏരിയയും ഉണ്ടായിരിക്കണം. ഈ ഏരിയ ജോലി സ്ഥലത്തു നിന്ന് വേർതിരിച്ചിരിക്കുകയും വേണം. കടകളിൽ എല്ലാത്തരം പുകയില ഉപയോഗവും നിരോധിച്ചിട്ടുണ്ട്. എല്ലാ തയ്യൽ കടകളും വാണിജ്യ റജിസ്ട്രേഷൻ നേടിയിരിക്കണം. സിവിൽ ഡിഫൻസ് നിയമങ്ങൾ പാലിക്കുന്നതിനുള്ള സൗകര്യങ്ങളും കടയിൽ ഉണ്ടായിരിക്കണം.
അകത്തെ ജോലിസ്ഥലത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ അനുവാദമില്ല. എന്നാൽ, കടയുടെ പുറത്ത് സുരക്ഷാ ക്യാമറകൾ സ്ഥാപിപിച്ചിരിക്കണം. എൻട്രി, എക്സിറ്റ് റൂട്ട്, ജോലി സമയം, ക്യുആർ കോഡ്, ഇലക്ട്രോണിക് പേയ്‌മെന്‍റ് രീതികൾ, സർക്കാർ ഏജൻസികളിൽ നിന്നുള്ള നിർദ്ദേശങ്ങൾ എന്നിവ സൂചിപ്പിക്കുന്ന സ്റ്റിക്കറുകൾ ഒഴികെ കടയുടെ മുൻഭാഗത്ത് മറ്റു സ്റ്റിക്കറുകൾ ഒന്നും തന്നെ പതിക്കരുതെന്നും സൗദി വാണിജ്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.