സൗദി അരാംകോയുടെ രണ്ടാം ഘട്ട ഓഹരി വിൽപ്പന മണിക്കൂറുകൾക്കകം അവസാനിച്ചു. 12 ബില്യൺ ഡോളറിന്റെ ഓഹരികളാണ് അതിവേഗം വിറ്റഴിഞ്ഞത്. രാജ്യത്തിനകത്തും പുറത്തുമുള്ള നിക്ഷേപകരാണ് ഓഹരികൾ സ്വന്തമാക്കിയത്.
26.70 റിയാൽ മുതൽ 29 റിയാൽ വരെ മൂല്യത്തിലാണ് ഓഹരികളുടെ വിൽപ്പന പൂർത്തിയായത്. 1.545 ബില്യൺ ഓഹരികളാണ് പബ്ലിക് ഓഫറിംഗിൽ ഇത്തരത്തിൽ വിറ്റഴിച്ചത്. കമ്പനിയുടെ ഇഷ്യു ചെയ്‌ത ഷെയറുകളുടെ 0.64 ശതമാനം ഓഹരികളാണ് വിറ്റഴിഞ്ഞത്.
മുമ്പ് ഉണ്ടായിരുന്ന ഓഹരി വിലയിൽ നിന്നും 10 ശതമാനം കിഴിവോടെയാണ് പുതിയ ഓഹരികൾ വിറ്റതെന്നാണ് റിപ്പോർട്ട്. സൗദിയിലെ സ്ഥാപനങ്ങൾ, നിക്ഷേപകർ, സൗദിക്ക് പുറത്തുള്ള യോഗ്യതയുള്ള സ്ഥാപനങ്ങൾ, സൗദിക്കകത്തെയും ജി.സി.സി രാജ്യങ്ങളിലെയും യോഗ്യരായ റീട്ടെയിൽ നിക്ഷേപകർ എന്നിവർക്കാണ് ഓഹരി വാങ്ങാൻ അവസരമുണ്ടായിരുന്നത്.