വേനൽചൂടിൽ വെന്തുരുകുകയാണ് സൗദി അറേബ്യ. താപനില 48 ഡിഗ്രി സെൽഷ്യസിലേയ്ക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.
റിയാദിലും മക്ക-മദീന നഗരങ്ങളിലുമാണ് നിലവിൽ ചൂട് ശക്തമാകുന്നത്. 45 മുതൽ 47 ഡിഗ്രി വരെയാണ് ഇവിടങ്ങളിലെ താപനില രേഖപ്പെടുത്തുന്നത്. ഇപ്രാവശ്യം വേനൽക്കാലത്ത് ചൂട് കൂടുമെന്നും വരും ദിവസങ്ങളിൽ ചൂടിന്റെ കാഠിന്യം വർധിക്കുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നത്.
അതേസമയം, വടക്കൻ അതിർത്തി പ്രദേശങ്ങളിൽ തണുത്ത കാറ്റിനും ഇടിമിന്നലോട് കൂടിയ മഴക്കും സാധ്യതയുള്ളതായാണ് വിലയിരുത്തൽ. അൽജൗഫ് ഭാഗങ്ങളിൽ പൊടിയോട് കൂടിയ ചൂടുകാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. അതിനാൽ വാഹന യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും നിർദേശത്തിലുണ്ട്.