സൗദിയിലെ ആദ്യത്തെ വനിതാ ബഹിരാകാശ സഞ്ചാരി റയ്യാന ബർണവി യാത്രയ്ക്ക് തയ്യാറെടുക്കുന്നു. റയ്യാന ബർണവിയേയും സൗദി പുരുഷ ബഹിരാകാശ സഞ്ചാരി അലി അൽ ഖർനിയെയും ഈ വർഷത്തിന്റെ രണ്ടാം പാദത്തിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് അയക്കുമെന്നു സൗദി അറേബ്യ വ്യക്തമാക്കി.
ഐഎസ്എസിലേക്കുള്ള എഎക്‌സ്-2 ദൗത്യത്തിന്റെ ഭാഗമായാണ് ഇവർ യാത്ര ചെയ്യുന്നതെന്ന് സൗദി സ്പേസ് കമ്മീഷൻ ട്വിറ്ററിൽ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി മറിയം ഫർദൂസ്, അലി അൽ ഗാംദി എന്നീ ബഹിരാകാശയാത്രികർക്ക് കൂടി പരിശീലനം നല്‍കും.
ആരോഗ്യം, സുസ്ഥിരത, ബഹിരാകാശ സാങ്കേതികവിദ്യ തുടങ്ങിയ നിരവധി മേഖലകളിൽ ദേശീയ കഴിവുകൾ ശാക്തീകരിക്കുക എന്നതാണ് സൗദിയുടെ ലക്ഷ്യം. ബഹിരാകാശ ശാസ്ത്ര തലത്തിൽ ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾ സജീവമാക്കാനും വ്യവസായികമായി ഉപയോഗപ്പെടുത്താനുമുളള ശ്രമങ്ങളാണെന്ന് സൗദി സ്പേസ് കമ്മീഷൻ ചെയർമാൻ അബ്ദുല്ല ബിൻ അമർ അൽ സ്വാഹ വ്യക്തമാക്കി.
അതേ സമയം യുഎഇയുടെ ബഹാരാകാശ പദ്ധതിയും മുന്നോട്ടുപോവുകയാണ്. യുഎഇയുടെ ബഹിരാകാശ സഞ്ചാരിയായ ഡോ. അൽ നെയാദി ഫെബ്രുവരി 26 ന് നാസയുടെ ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിക്കും. ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് ആറ് മാസം നീണ്ട ദൗത്യത്തിനായാണ് പുറപ്പെടുക. അൽ ഐനിൽ സ്വദേശിയായ അല്‍ നെയാദി മുൻ ഐടി പ്രൊഫസര്‍കൂടിയാണ്.