2025-ലെ വാർഷിക ഹജ്ജ് തീർത്ഥാടനം നടത്താൻ ആഗ്രഹിച്ചിരിക്കുന്നവർക്കായി കർശന ആരോഗ്യ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് സൗദി അറേബ്യ. കഠിനവും ആയാസകരവുമായ തീർത്ഥാടനത്തിൽ ഒരു ദിവസം 25 കിലോമീറ്റർ വരെ നടക്കേണ്ടിവരുമെന്നതിനാൽ ആരോഗ്യമുള്ളവരും ശാരീരികക്ഷമതയുള്ളവരുമായ വ്യക്തികൾ മാത്രമേ തീർത്ഥാടനം നടത്താൻ പാടുള്ളുവെന്നാണ് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം നിർദേശിച്ചത്. തീർത്ഥാടകരുടെ സുരക്ഷയെ മുൻനിർത്തിയാണ് ഈ നിർദ്ദേശം.
രാജ്യത്ത് വേനൽച്ചൂട് കടുത്തതിനെത്തുടർന്ന് ഹജ്ജിനെത്തുന്ന നിരവധി പേർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതിന്റെയും നിരവധി പേർ മരണപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അധികൃതർ മുന്നറിയിപ്പ് നൽകുന്നത്. പ്രായമായവർ (65 വയസിന് മുകളിൽ), ഹൃദയം – വൃക്ക – ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, രോഗപ്രതിരോധ ശേഷി കുറവുള്ളവർ, കാൻസർ രോഗികൾ, ഗർഭിണികൾ, 12 വയസിന് താഴെയുള്ള കുട്ടികൾ തുടങ്ങിയവർ ഈ വർഷത്തെ ഹജ്ജ്, ഉംറ തീർത്ഥാടനം മാറ്റിവയ്ക്കുന്നത് പരിഗണിക്കണമെന്നാണ് അധികൃതർ നിർദേശിച്ചത്.
കൊടും ചൂടിൽ ഈ വർഷത്തെ ഹജ്ജിനിടെ 1300-ലധികം തീർത്ഥാടകർ മരിച്ചതായാണ് റിപ്പോർട്ട്. നേരിട്ടുള്ള സൂര്യപ്രകാശത്തിൽ ദീർഘദൂരം നടന്നതാണ് പലരുടെയും മരണത്തിന് കാരണമെന്നാണ് വിലയിരുത്തൽ. മരണപ്പെട്ടവരിൽ പ്രായമായവരും വിട്ടുമാറാത്ത രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരും ഉൾപ്പെടുന്നുണ്ട്. അതിനാലാണ് ഹജ്ജ് തീർത്ഥാടകർക്കായി അധികൃതർ മുന്നറിയിപ്പ് നൽകുന്നത്.