സഞ്ചാരികളെ ആകർഷിക്കാൻ ഒരുങ്ങി സൗദി ടൂറിസം മന്ത്രാലയം. ടൂറിസം രംഗത്ത് സ്വകാര്യമേഖലയിൽ നിന്ന് 8000 കോടി ഡോളർ നിക്ഷേപം തേടിയിരിക്കുകയാണ് രാജ്യം. 2030ഓടെ വർഷത്തിൽ 15 കോടി വിനോദസഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ കലാകായിക വിനോദ പദ്ധതിയായ ഖിദ്ദിയ, ലോകത്തെ ഏറ്റവും മികച്ച വിനോദ സഞ്ചാര പദ്ധതികളൊന്നായ റെഡ് സീ, ഏറ്റവും വലിയ നിക്ഷേപ പദ്ധതിയായ നിയോം മെഗാ സിറ്റി തുടങ്ങി സൗദിയുടെ മുഖഛായ മാറ്റുന്ന ഒട്ടേറെ പദ്ധതികൾ പുരോഗമിക്കുകയാണ്. അതിനാൽ വരും നാളുകളിൽ കൂടുതൽ സഞ്ചാരികളെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.സമ്പദ്‌വ്യവസ്ഥയുടെ സുപ്രധാന മേഖലയായി മാറിയ ടൂറിസത്തിലൂടെ എണ്ണ ഇതര വരുമാനവും ഉയർന്നിട്ടുണ്ട്.
റിയാദ് ഡിപ്ലോമാറ്റിക് ക്വാർട്ടറിലെ തുവൈഖ് പാലസിൽ നടന്ന ആഘോഷത്തിൽ ലോക വിനോദസഞ്ചാര കൗൺസിൽ ട്രാവൽ ആൻഡ് വേൾഡ് ടൂറിസം ഓർഗനൈസേഷൻ പ്രസിഡന്റ് സുറബ് പോളോലികാഷ്‍വിലി, തുടങ്ങി ഒട്ടേറെ പേർ പങ്കെടുത്തു. ടൂറിസം മേഖലയിലെ സൗദി അറേബ്യയുടെ ദ്രുതഗതിയിലുള്ള വികസനത്തിന് യുഎൻ ടൂറിസത്തിന്റെയും വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിലിന്റെയും അംഗീകാരവും ലഭിച്ചിട്ടുണ്ട്.