1967ലെ അതിർത്തി കരാർ അനുസരിച്ചുള്ള സ്വതന്ത്ര പലസ്തീനെ അംഗീകരിക്കാൻ തയാറല്ലെങ്കിൽ ഇസ്രയേലുമായി യാതൊരു നയതന്ത്ര ബന്ധവും ഉണ്ടാകില്ലെന്ന് സൗദി കിരീടാവകാശി അറിയിച്ചു. ഗാസയില്‍ ഇസ്രയേൽ നടത്തി വരുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണം. കിഴക്കൻ ജെറുസലം പലസ്തീന്റെ തലസ്ഥാനമായി അംഗീകരിക്കുകയും ചെയ്യണമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പുറത്ത് വിട്ട പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
അതേസമയം ഇസ്രയേൽ-സൗദി നയതന്ത്രം സാധാരണ നിലയിലേക്ക് മാറുന്നുവെന്ന യുഎസ് ദേശീയ സുരക്ഷാ വക്താവ് ജോൺ കിർബി പ്രതികരിച്ചിരുന്നു. ഇതിന് മറുപടിയായാണ് സൗദി ഇക്കാര്യം വ്യക്തമാക്കിയത്. ഹമാസ്-ഇസ്രയേൽ യുദ്ധം രൂക്ഷമായതോടെയാണ് സൗദി അറേബ്യയും ഇസ്രയേലും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീണത്.
ഒക്ടോബര്‍ 7ന് ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ 1200 പേർ കൊല്ലപ്പെട്ടിരുന്നു. മാത്രമല്ല, ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് ഗാസയിൽ നടത്തിയ തിരിച്ചടിയിൽ നാലു മാസത്തിനിടെ 27,000ത്തിലേറെ പലസ്തീൻകാരാണ് കൊല്ലപ്പെട്ടത്. എന്നാൽ മേഖലയിൽ നിന്ന് പിന്മാറാൻ സൈന്യം ഇതുവരെ തയാറായിട്ടില്ല. ഇതിനിടെയാണ് കടുത്ത നിലപാടുമായി സൗദി രംഗത്തുവന്നത്.