94–ാം ദേശീയദിനം ആഘോഷിക്കുകയാണ് സൗദി അറേബ്യ. വിപുലമായ ആഘോഷ പരിപാടികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. രാഷ്ട്രസ്ഥാപകൻ അബ്ദുൽ അസീസ് രാജാവ് ആധുനിക സൗദി അറേബ്യയെ കെട്ടിപ്പടുത്തതിന്റെ വാർഷികദിനമാണ് ഇന്ന് (സെപ്റ്റംബർ 23) ആഘോഷിക്കുന്നത്.
‘ഞങ്ങൾ സ്വപ്നം കാണുന്നു, നേടുകയും ചെയ്യുന്നു’ എന്ന പ്രമേയത്തിലാണ് ഇത്തവണയും അഘോഷം. സൗദി പൗരൻമാർക്ക് പുറമെ ഒന്നേകാൽ കോടിയോളം വരുന്ന വിദേശികളും രാജ്യത്തിന്റെ ആഘോഷത്തിൽ പങ്കുചേരുന്നുണ്ട്. കുറച്ചുദിവസം മുമ്പ് തന്നെ രാജ്യത്തിന്റെ ദേശീയ ദിനാഘോഷങ്ങൾ ആരംഭിച്ചിരുന്നു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് രാത്രി 9 മണിക്ക് കരിമരുന്ന് പ്രയോഗം നടക്കും.
ജിദ്ദയിൽ പ്രൊമനൈഡ് ബീച്ച്, റിയാദിൽ അൽഖൈറുവാൻ സ്ട്രീറ്റിൽ ഉമ്മുഅജാൻ പാർക്ക്, മദീനയിൽ അൽ സഹുർ പാർക്ക്, അബഹയിൽ അൽ മിതൽ പാർക്ക്, അൽ കോബാറിലെ നോർത്ത് കോർണീഷ്, ബുറൈദയിൽ അൽ ശർഖ് പാർക്ക്, തബുക്കിൽ നദീം സെൻട്രൽ പാർക്ക്, ഹായിലിൽ അൽമിഗ്വാത്ത് പാർക്ക്, അറാറിൽ ബുർജ് അൽ ശിമാൽ, നജ്റാനിൽ അമീർ ഹൽ സ്പോർട്‌സ് സിറ്റി, അൽ ബാഹ അമീർ ഹുസാം ബിൻ സൗദ് പാർക്ക് എന്നിവിടങ്ങളിലാണ് കരിമരുന്ന് കലാപ്രകടനം ഒരുക്കിയിരിക്കുന്നത്.