പശ്ചിമേഷ്യയിലെ ഏറ്റവും വലിയ കാറ്റാടി ഊർജ പദ്ധതി സ്ഥാപിക്കുന്നതുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ച് സൗദിയും ഈജിപ്തും. സൗദി കമ്പനിയായ എ.സി.ഡബ്ല്യു.എയാണ് ഈജിപ്ഷ്യൻ സർക്കാരുമായി കരാറിൽ ഒപ്പിട്ടത്. പദ്ധതി വഴി 1.1 ജിഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാൻ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
150 കോടി ഡോളർ ചെലവഴിച്ചാണ് പദ്ധതി ആരംഭിക്കുന്നത്. കടൽത്തീര കാറ്റിൽ നിന്നും ഊർജം ഉല്പാദിപ്പിക്കുന്നതിനായി ഗൾഫ് ഓഫ് സൂയസ്, ജബൽ അൽ സെയ്‌റ്റ് മേഖലകളിലാണ് കാറ്റാടി ഊര്‍ജ പദ്ധതി സ്ഥാപിക്കുക. ഇതുവഴി 2.4 ദശലക്ഷം ടൺ കാർബൺ ബഹിർഗമനം കുറയ്ക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
കൂടാതെ 8,40,000 ടൺ ഇന്ധനവും ഇതുവഴി ലാഭിക്കാൻ കഴിയുമെന്നും വിലയിരുത്തലുണ്ട്. പദ്ധതി വഴി ഈജിപ്തിലെ പത്ത് ലക്ഷം വീടുകളിൽ വൈദ്യുതി ഉറപ്പുവരുത്താൻ സാധിക്കുമെന്നും ഇരുരാജ്യങ്ങളും വ്യക്തമാക്കി.