ഇസ്രയേല്‍ ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളിലെയും വിമാനങ്ങള്‍ക്കായി ആകാശപാത തുറന്നു കൊടുക്കുന്നതായി സൗദിയുടെ പ്രഖ്യാപനം. സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടേതാണ് അറിയിപ്പ്. അന്താരാഷ്ട്ര വ്യോമഗതാഗതം കൂടുതല്‍ കാര്യക്ഷമം ആക്കുകയാണ് ലക്ഷ്യമെന്നും സൗദി. യാത്രാവിമാനങ്ങൾക്കിടയില്‍ വിവേചനം പാടില്ലെന്ന അന്താരാഷ്ട്ര നയം പിന്തുടരുന്നതായും സൗഗി ഏവിയേഷന്‍ വ്യക്തമാക്കി. ഇസ്രായേലില്‍ നിന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ സൗദിയിലെത്തും മുമ്പാണ് പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.
നേരത്തെ ഇസ്രയേല്‍ വിമാനങ്ങൾക്ക് സൗദിയുടെ ആകാശത്ത് പറക്കാന്‍ അനുമതി ഉണ്ടായിരുന്നില്ല. ഇസ്രയേലിലേക്ക് പോകുന്ന ഇതര വിമാനങ്ങളും സൗദിയുടെ ആകാശപാത ഒഴിവാക്കിയായിരുന്നു. അധിക സമയവും ഇന്ധനവും ചിലവഴിച്ച് ഇതര മാര്‍ഗങ്ങളിലൂടെയാണ് ഇസ്രായേലിലേക്ക് വിമാനങ്ങൾ സര്‍വ്വീസ് നടത്തിയിരുന്നത്. ഇത്തരം സാഹചര്യങ്ങളും ഇനിമുതല്‍ ഒഴിവാകും. ഇളവുകൾക്ക് മുന്നോടിയായി ഇസ്രായേലില്‍ നിന്നുളള ഹജ്ജ് തീര്‍ത്ഥാടകര്‍ക്കും ചാര്‍ട്ടേര്‍ഡ് വിമാനങ്ങൾക്കും സൗദി അനുമതി നല്‍കിയിരുന്നു. 2020 മുതല്‍ കരാറുകൾ ഇല്ലാതെതന്നെ സൗദി ഇസ്രായേല്‍ വിമാനങ്ങൾക്ക് ഇളവ് നല്‍കിയിരുന്നെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഇതാദ്യമാണ്.
അതേസമയം മൂന്ന് വന്‍കരകളുടെ സംഗമം എന്ന നിലയില്‍ ചിക്കാഗോ കരാറിന്‍റെ പൂര്‍ത്തീകരണമാണ് സൗദിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ജോ ബൈഡന്‍ ജിദ്ദയിലെത്തും മുമ്പുളള നീക്കം പുതിയ സഹകരണങ്ങളുടെ തുടക്കമാകുമെന്നും അന്താരാഷ്ട്ര സമൂഹം വിലയിരുത്തുന്നു. സൗദിയുടെ നീക്കത്തെ ജോ ബൈഡന്‍ സ്വാഗതം ചെയ്തതായി വൈറ്റ് ഹൗസും പ്രതികരിച്ചു.
നീക്കം ഇറാന്‍ വിരുദ്ധ അറബ്- ഇസ്രായേല്‍ സഖ്യമെന്ന അമേരിക്കന്‍ താത്പര്യത്തിന് തുടക്കമാണൊ എന്നും അന്താരാഷ്ട്ര സമൂഹം നിരീക്ഷിക്കുന്നുണ്ട്. പുതിയ തീരുമാനത്തിന്‍റെ ഭാഗമായി ഇസ്രായിലില്‍ നിന്ന് സൗദിയിലേക്ക് ആദ്യമെത്തുന്നതും അമേരിക്കന്‍ പ്രസിഡന്‍റാണ്. അന്താരാഷ്ട്ര വ്യോമയാന നയങ്ങൾ ശക്തമാകുന്ന ചരിത്രനീക്കമാണ് സൗദിയുടേതെന്നും വിലയിരുത്തലുകളുണ്ട്.