സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സൗദി എയര്‍ലൈന്‍സ് (സൗദിയ) 2030 ഓടെ റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തില്‍നിന്ന് പിൻവാങ്ങും. ഇതോടെ ഉംറ, ഹജ്ജ് യാത്രക്കാര്‍ക്ക് സേവനം നല്കുന്ന ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആയിരിക്കും സൗദി എയര്‍ലൈന്‍സ് പ്രാഥമികമായി തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഇനി മുതൽ കേന്ദ്രീകരിക്കുക. ഈ തന്ത്രപരമായ നീക്കം പുതിയ എയര്‍ലൈൻ കമ്പനിയായ ‘റിയാദ് എയറി’ന് റിയാദ് വിമാനത്താവളത്തിൽ പ്രവർത്തനം കേന്ദ്രീകരിക്കാൻ വേണ്ടിയാണ്.
റിയാദ് എയര്‍ 2025ലാണ് സർവിസ് ആരംഭിക്കുക. സൗദി എയര്‍ലൈന്‍സും റിയാദ് എയറും ദുബായ് എയര്ഷോ 2023ലും പങ്കെടുത്തിരുന്നു. പരസ്പര ബന്ധിതവും സമഗ്രവുമായ സേവനത്തിന് വേണ്ടി തങ്ങളുടെ എയർ റൂട്ട് ശൃംഖലകൾ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രണ്ട് എയര്‍ലൈനുകളും കോഡ്ഷെയര്‍ കരാറില്‍ ഒപ്പുവച്ചിട്ടുമുണ്ട്.
‘ജിദ്ദ ഹബ്ബ്’ രാജ്യത്തിന്റെ പരിവര്‍ത്തന പരിപാടിയിലെ പ്രധാന സ്തംഭമാണെന്ന് സൗദി എയര്‍ലൈൻസ് മീഡിയ അഫയേഴ്സ് ജനറല്‍ മാനേജര്‍ അബ്ദുല്ല അൽ ഷഹ്റാനി പറഞ്ഞു. റിയാദിലെ ബിസിനസുകളിലും പ്രവര്‍ത്തനങ്ങളിലുമായിരിക്കും റിയാദ് എയര്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൗദി എയര്‍ലൈന്‍സ് ഇരട്ട ഹബ് തന്ത്രം ഉപേക്ഷിച്ച് ജിദ്ദയില്‍ പ്രവര്‍ത്തനം കേന്ദ്രീകരിക്കുമെന്ന് റിയാദ് എയർ സി.ഇ.ഒ പീറ്റര്‍ ബെല്ല്യൂ അറിയിച്ചു.