സൗദി ജീവകാരുണ്യ സംഘടനയായ ഇൻസാന് 2022ലെ സന്നദ്ധ പ്രവർത്തനത്തിനുള്ള ദേശീയ പുരസ്കാരം. റിയാദ് ഗവർണറും മേഖലയിലെ ചാരിറ്റബിൾ സൊസൈറ്റി ഫോർ ഓർഫൻ കെയറിന്റെ ഡയറക്‌ടർ ബോർഡ് ചെയർമാനുമായ ഫൈസൽ ബിൻ ബന്ദർ രാജകുമാരന് സൽമാൻ രാജാവ് പുരസ്കാരം കൈമാറി. രാജ്യത്തിന് പുറത്ത് മാനുഷിക പ്രവർത്തനങ്ങൾ നടത്തുന്നതിന് അസോസിയേഷന് അനുമതി നൽകുന്ന സർട്ടിഫിക്കറ്റും കൈമാറി.
കെഎസ്‌റിലീഫ് സൂപ്പർവൈസർ ജനറൽ ഡോ. അബ്ദുല്ല അൽ റബീഅ, ഇൻസാൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി വൈസ് ചെയർമാൻ ഡോ. അബ്ദുൾ റഹ്മാൻ അൽ സുവൈലം എന്നിവരുടേയും മറ്റ് പ്രധാന ഉദ്യോഗസ്ഥരുടേയും സാനിധ്യത്തിലാണ് സര്‍ട്ടിഫിക്കറ്റ് കൈമാറിയത്. കെ.എസ്.റിലീഫിന്റെ പ്രവർത്തനങ്ങളും നേട്ടങ്ങളും സംബന്ധിച്ച റിപ്പോർട്ടും കൂടിക്കാഴ്ചയില്‍ സമര്‍പ്പിച്ചു.
പിന്നീട് ഇൻസാന്റെ പ്രവർത്തനങ്ങളിലെ മികവ് സ്ഥിരീകരിച്ചുകൊണ്ട് ഫൈസൽ രാജകുമാരന്‍ സംസാരിച്ചു. മാനുഷിക സഹായത്തിലും സന്നദ്ധ പ്രവർത്തനങ്ങളിലും വഹിക്കുന്ന ആഗോള പങ്കിനെ അദ്ദേഹം പ്രശംസിച്ചു. സൗദി നേതൃത്വത്തിന്റെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള പ്രവർത്തനത്തിന്റെയും സഹകരണത്തിന്റെയും പ്രാധാന്യവും ഫൈസൽ രാജകുമാരന്‍ വ്യക്തമാക്കി.