നടി ലക്ഷ്മിപ്രിയയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി ബി ജെ പി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി. പങ്കെടുത്ത പരിപാടിയിൽ മാന്യമായ പ്രതിഫലം നൽകിയില്ലെന്ന് നടി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇക്കാര്യത്തിലാണ് ഫേസ്ബുക്കിലൂടെയുള്ള സന്ദീപിന്റെ വിശദീകരണം. വായിക്കാം: ‘ചെങ്ങന്നൂരിലെ എൻഎസ്എസ് കരയോഗത്തിന്റെ ഒരു പരിപാടിയുമായി ഒരു സെലിബ്രിറ്റിയെ വേണമെന്ന് എന്നോട് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് ശ്രീ ലക്ഷ്മിപ്രിയയെ മുന്ന് മാസങ്ങൾക്ക് മുൻപ് വിളിച്ചത്.കാര്യം പറഞ്ഞപ്പോൾ അവർ വരാമെന്ന് സമ്മതിച്ചു.വിളിച്ചപ്പോൾ തന്നെ അവരോട് പറഞ്ഞിരുന്നു ലക്ഷ്മി ഇത് ഒരു കുഞ്ഞ് സ്ഥലവും ചെറിയ പരിപാടിയുമാണ് വലുതായി പണമൊന്നും പ്രതീക്ഷിക്കരുതെന്ന്. സന്ദീപ് ജി പറഞ്ഞതല്ലേ ഞാൻ വരാം എന്ന് പറഞ്ഞു.
പിന്നീട് ഞാൻ അറിയുന്നത് അവർ പരിപാടിയുടെ ദിവസം അവിടെയെത്തിയ ശേഷമുള്ള സംഭവവികാസങ്ങളാണ്. ലക്ഷ്മി വിളിച്ചിട്ടു പറഞ്ഞു, സന്ദീപ് ജീ ഞാനവിടെ പോയി , തനിക്ക് വളരെ കുറച്ച് പണം മാത്രമാണ് അവർ തന്നത് എന്ന് പറഞ്ഞു. ഞാൻ തിരക്കിയതിന് ശേഷം കാര്യം പറയാമെന്ന് പറഞ്ഞ് വെച്ചു. കാര്യങ്ങൾ അന്വേഷിച്ച് തിരികെ വിളിക്കാമെന്നും താൻ അവരെ അറിയിച്ചു. ഇതിനിടയിൽ സംഘാടകർ നൽകിയ പതിനായിരം അവരെ താൻ തിരികെ ഏൽപ്പിക്കുകയാണെന്ന് പറഞ്ഞ് ലക്ഷ്മി തന്നെ വിളിച്ചിരുന്നു. പണം തിരികെ നൽകരുതെന്ന് ആവശ്യപ്പെട്ടിട്ടും ലക്ഷ്മി അത് കേട്ടില്ല. സംഘാടകരുമായി ബന്ധപ്പെട്ടപ്പോൾ ലക്ഷ്മി 60,000 രൂപയാണ് ആവശ്യപ്പെട്ടതെന്നാണ് സംഘാടകർ പറഞ്ഞത്. സംഘാടകർ ഇപ്പോഴും പറയുന്നത് ഇത്രയും തുക തരണം എന്ന് പറഞ്ഞപ്പോൾ അത് തരാൻ ഞങ്ങൾക്ക് ശേഷിയില്ലെന്ന് അറിയിച്ചിരുന്നുവെന്നും എന്നാൽ അത് കുഴപ്പമില്ലെന്ന് ലക്ഷ്മി പറയുകയായുരുന്നുവെന്നുമാണ്. എന്തായാലും തുക കുറഞ്ഞെന്ന പരാതിയുടെ അടിസ്ഥാനത്തിൽ 25000 രൂപയെങ്കിലും കൊടുക്കാം എന്ന് സംഘാടകരുമായി ധാരണയിലെത്തി നിൽക്കുന്നതിനിടയിൽ ഇന്നലെ ഉച്ചക്കാണ് ലക്ഷ്മി എന്നെ ഫോണിൽ വിളിക്കുന്നത്. വളരെ നന്നായിട്ടാണ് സംസാരിച്ചത്. എന്നാൽ സംസാരത്തിനിടിൽ ഇത് വളരെ നാണക്കേടായി ലക്ഷ്മി എന്ന് പറഞ്ഞപ്പോൾ അവർ പൊട്ടിത്തെറിച്ച് അലറി. അവരുടെ പ്രകടനങ്ങളൊക്കെ എല്ലാവർക്കും അറിയാമല്ലോ.ഞാനായിട്ട് ആരോടും പറഞ്ഞിട്ടില്ല, ഇനി ഞാൻ എല്ലാവരേയും അറിയിക്കാമെന്ന് പറഞ്ഞ് അവർ ഫോൺ കട്ട് ചെയ്ത് പോയി.
പണം സംബന്ധിച്ച് കാര്യങ്ങൾ സംസാരിച്ചത് അവർ തമ്മിലാണ്. വലിയ തുക ആവശ്യപ്പെട്ടപ്പോൾ തന്നെ ഇത്രയൊന്നും ഉണ്ടാവില്ലെന്നറിയിച്ചപ്പോൾ ഒരു കുഴപ്പവുമില്ലെന്ന് പറഞ്ഞിരുന്നു. ചെറിയ തുകയാണ് ലഭിച്ചതെന്ന് അവർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അക്കൗണ്ട് നമ്പർ അയക്കാനും താൻ അവരോട് ആവശ്യപ്പെട്ടിരുന്നു. സംഘാടകരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ 25,000 രൂപ കൊടുക്കാമെന്ന ധാരണയിൽ ഇരിക്കുന്നതിനിടെയാണ് ഇന്നലെ ലക്ഷ്മിയുടെ ഭർത്താവ് തന്നെ വിളിക്കുന്നത്. വളരെ സൗഹാർദത്തോടെ കാര്യങ്ങൾ സംസാരിക്കുന്നതിനിടെ അവർ തന്നോട് അലറുകയായിരുന്നു. താനായിട്ട് ഇതുവരെ ആരെയും അറിയിച്ചിട്ടില്ല. ഇനി ഇത് അറിയിക്കാൻ പോകുകയാണെന്ന് പറഞ്ഞ് ഫോൺകട്ട് ചെയ്തതായും സന്ദീപ് പറഞ്ഞു. പിന്നീട് ഞാൻ കാണുന്നത് അവരുടെ ഫേസ്ബുക്ക് കുറിപ്പാണ്. അതിൽ താൻ പണം വാങ്ങിയിട്ടുണ്ടോന്നോ, തനിക്കെതിരെ ഒരു ആരോപണവും പോസ്റ്റിൽ ലക്ഷ്മി ഉന്നയിച്ചിട്ടില്ല. എന്നാൽ താൻ ഫോൺ എടുത്തിട്ടില്ലെന്ന് പറയുന്നത് തെറ്റാണ്. അവർ അത് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ലക്ഷ്മിക്ക് പോലും ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് വരുന്നവരോട് എനിക്ക് ഒന്നും പറയാനില്ല. അതിൽ സുഡാപ്പികളും നമ്മുടെ രാഷ്ട്രീയ എതിരാളികളും ഉണ്ടാകും. അവർക്ക് അവരുടെ രാഷ്ട്രീയ അജണ്ടകളും ഉണ്ടാകാം.എന്നാൽ ഞങ്ങളെ ഉപദേശിച്ച് നന്നാക്കാൻ വരുന്ന ഓൺലൈൻ ആങ്ങളമാരോട് പറയാനുള്ളത് സത്യാവസ്ഥ അറിഞ്ഞിട്ട് വേണം പെങ്ങളെ താലോലിക്കലൊക്കെ. താലോലിക്കലും ആങ്ങളമാരുടെ റോളും ഒക്കെ നടക്കട്ടെ. വിഷയത്തിൽ ആർഎസ്എസിനോ ബിജെപിക്കോ യാതൊരു റോളുമില്ല’, സന്ദീപ് പറഞ്ഞു.