രാജ്യത്ത് സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്ന ഹർജികളിൻമേൽ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ നാല് ജഡ്ജിമാർ വെവ്വേറെ വിധി പുറപ്പെടുവിച്ചു. സ്വവർഗ ബന്ധം വിഡ്ഢിത്തമല്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. സ്വവർഗ ലൈംഗികത എന്നത് ഒരു നഗര സങ്കൽപമല്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സ്പെഷ്യൽ മാര്യേജ് നിയമത്തിലെ നാലാംവകുപ്പ് ഭരണഘടനാ വിരുദ്ധമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. പങ്കാളികളെ കണ്ടെത്തുന്നത് വ്യക്തികളുടെ ഇഷ്ടമെന്നും ചീഫ് ജസ്റ്റിസ് പറയുന്നു.
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, എസ് രവീന്ദ്ര ഭട്ട്, പി എസ് നരസിംഹ എന്നിവരാണ് വെവ്വേറെ വിധികൾ എഴുതിയത്. വിഷയത്തിൽ ഏതു പരിധിവരെ പോകണമെന്നതിൽ യോജിപ്പും വിയോജിപ്പുമുണ്ടെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സ്പെഷൽ മാരേജ് ആക്ട്, വിദേശ വിവാഹ നിയമം തുടങ്ങിയവയിലെ നിയമസാധുതകൾ പരിശോധിച്ച ശേഷമാണ് വിധി പ്രസ്താവം. സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്ന 21 ഹർജികളിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി.
സ്‌പെഷൽ മാര്യേജ് ആക്ടിലെ സെക്ഷൻ 4 ഭരണഘടനാ വിരുദ്ധമെന്നും കോടതി വിലയിരുത്തി. സ്‌പെഷൽ മാര്യേജ് ആക്ടിന് മാറ്റം വരുത്തണമോ എന്നത് പാർലമെന്റിന് തീരുമാനിക്കാം. അതേസമയം വിവാഹം എന്ന സങ്കൽപ്പത്തിന് മാറ്റങ്ങൾ ഉണ്ടാകുന്നില്ല.1954ലെ സ്‌പെഷൽ മാര്യേജ് ആക്‌ട് പ്രകാരം സ്വവർഗ വിവാഹം രജിസ്റ്റർ ചെയ്യുന്നത് നിയമ വിധേയമാക്കണമെന്ന 21 ഹർജികളിലാണ് സുപ്രീംകോടതി തീർപ്പ് കൽപ്പിച്ചത്.2023 ഏപ്രിൽ 18 മുതൽ മെയ് 11 വരെ 10 ദിവസങ്ങളിലായി 40 മണിക്കൂറോളമാണ് ഭരണഘടനാ ബെഞ്ച് ഈ ഹർജികളിൽ വാദംകേട്ടത്.