തീവ്രവാദ സംഘടകളെ എന്നും എതിര്‍ക്കുന്ന നിലപാടാണ് മുസ്ലീംലീഗ് സ്വീകരിക്കുന്നതെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. തീവ്രവാദ സംഘടനകളെ വിലക്കേണ്ടത് സര്‍ക്കാര്‍ ചെയ്യേണ്ടത് തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നിലപാട് എല്ലാ തീവ്രവാദ സംഘടകൾക്കും ഒരുപോലെ ബാധകമാക്കണമെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
ദുബായ് സന്ദര്‍ശനത്തിനിടെ മാധ്യമങ്ങൾക്ക് നല്‍കിയ വീഡിയോ സന്ദേശത്തിലാണ് സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം. സഹിഷ്ണുതയും സാഹോദര്യവും മതേതരത്വവും മാറ്റിവയ്ക്കാനാകില്ലെന്നും, മുസ്ലീംലീഗ് മുന്നോട്ടുവയ്ക്കുന്ന സന്ദേശം അതാണെന്നും സാദിഖലി ശിഹാബ് തങ്ങൾ സൂചിപ്പിച്ചു.
സമാധാനവും ബഹുസ്വരതയും സംരക്ഷിക്കേണ്ട കാലമാണിതെന്ന് സാദിഖലി ശിഹാബ് തങ്ങൾ കഴിഞ്ഞ ദിവസം കെഎംസിസി അബുദാബിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പറഞ്ഞിരുന്നു. ഇതിനിടെ സാദിഖലി ശിഹാബ് തങ്ങൾ യുഎഇ ഗോൾഡന്‍ വിസയും സ്വന്തമാക്കി. എമിഗ്രേഷന്‍ ഡയറക്ടറാണ് ഗോൾഡന്‍ വിസ കൈമാറിയത്.