എമിറേറ്റിലെ ടോൾഗേറ്റ് സംവിധാനമായ സാലിക്കിൻ്റെ ഓഹരി ഉടമകൾക്ക് ഏപ്രിൽ 27നകം ലാഭവിഹിതമായി 49 കോടി ദിർഹം വിതരണം ചെയ്യാൻ തീരുമാനം. കഴിഞ്ഞ വർഷം രണ്ടാം പകുതിയിൽ ലഭിച്ച ലാഭത്തിന്റെ മുഴുവൻ തുകയും വിതരണം ചെയ്യാനാണ് ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചത്.
കഴിഞ്ഞ സെപ്റ്റംബറിൽ വിൽപന ആരംഭിക്കുമ്പോൾ ഒരു ഓഹരിക്ക് 2 ദിർഹമായിരുന്ന നിരക്ക്. നിലവിൽ 2.9 ദിർഹത്തിലാണ് ഓഹരികളുടെ വ്യാപാരം. അതേസമയം ഓഹരി മൂലധനത്തിന്റെ 75.1 ശതമാനം ദുബൈ സർക്കാറിന്റെ ഉടമസ്ഥതയിലാണുളളത്.എന്നാൽ ടോൾ ഗേറ്റുകൾ പ്രവർത്തിപ്പിക്കുന്നതിനുളള അവകാശം സാലിക് കമ്പനിയ്ക്കാണ് നൽകിയിട്ടുളളത്.
കഴിഞ്ഞ വർഷം സാലിക്കിന്റെ വരുമാനം 11.8 ശതമാനം വർധിച്ച് 189കോടി ദിർഹമായി ഉയർന്നു. ആനുപാതികമായി ലാഭവിഹിതത്തിലും വർദ്ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ ഡിസംബർ വരെ 37ലക്ഷം വാഹനങ്ങളാണ് സാലിക്കിൽ രജിസ്റ്റർ ചെയ്തതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം ആകെ 53.9 കോടി യാത്രകൾ ഗേറ്റുകൾ വഴി കടന്നുപോയിട്ടുണ്ട്. 2021നെ അപേക്ഷിച്ച് 12 ശതമാനം വർധനയാണ് ഇക്കാര്യത്തിലുണ്ടായത്.
നാല് ദിർഹം വീതമാണ് ഒരോ ഗേറ്റിലും സാലിക് ഈടാക്കുന്നത്. എട്ട് ടോൾ ഗേറ്റുകളാണ് ദുബായിലുളളത്. ശൈഖ് സായിദ് റോഡിലൂടെ കടന്നുപോകുന്ന അൽ ബർഷയാണ് ഏറ്റവും തിരക്കേറിയ ടോൾ ഗേറ്റ്. അൽ സഫയും അൽ ഗർഹൂദും തൊട്ടുപിന്നിലുണ്ടെന്നും കണക്കുകൾ തെളിയിക്കുന്നു. ആകെ യാത്രകളുടെ 50 ശതമാനവും ഈ ഗേറ്റുകളിലൂടെയാണ് കടന്നുപോകുന്നത്. ദുബൈ-ഷാർജ അൽ ഇത്തിഹാദ് റോഡിലെ അൽ മംസാർ ടോൾ ഗേറ്റുകളിലും തിരക്ക് അനുഭവപ്പെടാറുണ്ട്.