ദുബായിലെ റോഡ് ടോള്‍ ഗേറ്റ് ഓപ്പറേറ്റിംഗ് കമ്പനിയായ സാലിക്കിന്റെ ഓഹരികള്‍ക്ക് ആദ്യ ദിവസങ്ങളില്‍ തന്നെ വന്‍ ഡിമാന്റ്. ആവശ്യക്കാര്‍ ഏറിയതോടെ വില്‍പ്പനയ്ക്കു വച്ച ഒാഹരികളുടെ എണ്ണം വര്‍ധിപ്പിച്ചതായി അധികൃതര്‍. 20 ശതമാനത്തില്‍ നിന്ന് 24.9 ശതമാനം ഒാഹരികൾ വിറ്റഴിക്കാനാണ് പുതിയ തീരുമാനം.
ഇതോടെ 186 കോടി ദിര്‍ഹമിന്റെ ഓഹരികളാണ് വില്‍ക്കുന്നത്. നേരത്തെ 150 കോടി ദിര്‍ഹമിന്റെ ഓഹരിയാണ് വില്‍ക്കാന്‍ തീരുമാനിച്ചിരുന്നത്. ചെറുകിട നിക്ഷേപകര്‍ക്ക് സെപ്റ്റംബര്‍ 20 വരെ ഒാഹരികൾ സ്വന്തമാക്കാന്‍ അവസരമുണ്ട്. വലിയ നിക്ഷേപകര്‍ക്ക് സെപ്റ്റംബര്‍ 21 വരെ വില്‍പന തുടരും. സെപ്റ്റംബര്‍ 29ന് െഎപിഒ ദുബായ് ഫൈനാന്‍ഷ്യല്‍ മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്യും.
രണ്ട് ദിര്‍ഹം നിരക്കിലാണ് ഓഹരികൾ വിറ്റഴിക്കുന്നത്. കുറഞ്ഞത് 5000 ദിര്‍ഹമാണ് െഎപിഒ നിക്ഷേപം. ബാക്കുയുള്ള ഓഹരി മൂലധനത്തിന്റെ 75.1 ശതമാനം ദുബായ് സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ തുടരും. ദുബായ് സര്‍ക്കാറിന്‍റെ ലാഭകരമായി പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ നാലാം സ്ഥാനത്താണ് സാലിക്. അതുകൊണ്ടുതന്നെ ഡിവിഡന്‍റ് ലക്ഷ്യവുമായാണ് കൂടുതല്‍ നിക്ഷേപകരും രംഗത്തെത്തിയിരിക്കുന്നത്.
പ്രാദേശിക ഓഹരി കമ്പോളത്തിന് ശക്തി പകരുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നീക്കം. പൊതുമേഖലാ കമ്പനികളുടെ പത്ത് ശതമാനം ഓഹരികള്‍ വില്‍പ്പന നടത്തുമെന്ന് ദുബായ് സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് സര്‍ക്കാര്‍ സ്ഥാപനങ്ങളായ ദേവയും ടീകോം ഗ്രൂപ്പും ഓഹരികൾ വിറ്റഴിച്ചിരുന്നു.