മസ്ക്കറ്റിൽ തൊഴിലുടമ ശമ്പള കുടിശ്ശിക നൽകാത്ത സംഭവത്തിൽ ആറു മലയാളികൾക്ക് സ്ഥാപനം 180000 റിയാൽ (ഏകദേശം 3.8 കോടി രൂപ) നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധിച്ചു. മസ്കറ്റിലെ ഒരുസ്ഥാപനത്തിനെതിരെ സീബ് ഫസ്റ്റ് ഇൻസ്റ്റൻസ് കോർട്ടാണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.
തൊഴിലുടമ ശമ്പള കുടിശ്ശിക നൽകാത്തതിനെ തുടർന്ന് സ്ഥാപനത്തിലെ ജീവനക്കാർ തൊഴിൽ മന്ത്രാലയത്തെ സമീപിച്ചിരുന്നു. തുടർന്ന് ഒത്തുതീർപ്പിനുള്ള ശ്രമം നടത്തി. എന്നാൽ ഇത് പരാജയപ്പെട്ടതിനെ തുടർന്ന് അഭിഭാഷകരായ അഡ്വ എം.കെ. പ്രസാദ്, അഡ്വ രസ്നി എന്നിവർ മുഖേന ജീവനക്കാർ കോടതിയെ സമീപിക്കുകയായിരുന്നു. കേസിൽ വാദം കേട്ട കോടതി കഴിഞ്ഞ ദിവസമാണ് വിധി പുറപ്പെടുവിച്ചത്. പുതിയ ലേബർ നിയമത്തിന്റെ (53/2023) അടിസ്ഥാത്തിലാണ് കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. മാത്രമല്ല ഈ സ്ഥാപനത്തിനെതിരെ നിരവധി പരാതികളും കേസുകളും ഇപ്പോൾ നിലനിൽക്കുന്നുണ്ടെന്നും അഡ്വ എം.കെ പ്രസാദ് പറഞ്ഞു. പുതിയ തൊഴിൽ നിയമമനുസരിച്ച് തുടർച്ചയായി രണ്ടു മാസം ശമ്പളം കൊടുത്തില്ലെങ്കിൽ അൺഫെയർ ടെർമിനേഷനായി കണക്കാക്കാക്കും.
ഇങ്ങനെ ഇരകളാകുന്ന തൊഴിലാളിക്ക് 12 മാസംവരെയുള്ള മുഴുവൻ ശമ്പളം നഷ്ടപരിഹാരമായും ഇതിന് പുറമെ ഗ്രാറ്റുവിറ്റി, ലീവ് സാലറി എന്നിവയും സ്ഥാപനം നൽകേണ്ടി വരും. നാട്ടിലേക്കുള്ള വിമാന ടിക്കറ്റും സ്ഥാപനം കൊടുക്കണം. ഇതടക്കം പരിഗണിച്ചാണ് കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നതെന്ന് അഡ്വ. എം.കെ പ്രസാദ് പറഞ്ഞു. എ.ച്ച് ആർ മാനുവലിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വിരുദ്ധമായി പുറത്താക്കുകയാണെങ്കിൽ അത് അൺഫെയർ ടെർമിനേഷനായി കണക്കാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2023 ജൂലൈയിലാണ് സുൽത്താനേറ്റിൽ പുതിയ തൊഴിൽ നിയമം നിലവിൽ വന്നത്. തൊഴിലുടമകളും ജീവനക്കാരും തമ്മിലുള്ള അവകാശങ്ങളും ഉത്തരവാദിത്തങ്ങളും സന്തുലിതമാക്കാനും നല്ലൊരു തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാനുമാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്.