സൗദിയിൽ ഗാർഹിക ജീവനക്കാരുടെ ശമ്പള പ്രക്രിയ കൂടുതൽ സുതാര്യമാകുന്നു. മാനവവിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള മുസാനിദ് പ്ലാറ്റ്ഫോം വഴി ഡിജിറ്റൽ വാലറ്റുകളിലൂടെയും അംഗീകൃത ബാങ്കുകളിലൂടെയുമാണ് ശമ്പളം ലഭ്യമാക്കുക. പുതിയ കരാർ വഴി ജോലിക്കെത്തുന്ന ജീവനക്കാർക്ക് ഈ വർഷം ജൂലൈ മുതൽ സേവനം ലഭിക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം, നിലവിലെ തൊഴിലാളികളുടെ എണ്ണമനുസരിച്ച് ഘട്ടം ഘട്ടമായാണ് പദ്ധതി നടപ്പാക്കുക.
2026 ജനുവരിയോടെ പദ്ധതി പൂർത്തിയാക്കാനാണ് തീരുമാനം. ഗാർഹിക ജീവനക്കാരുടെ ശമ്പളപ്രക്രിയ സുതാര്യവും സുഗമവുമാക്കുന്നതിന്റെ ഭാഗമായാണ് മാനവവിഭവശേഷി മന്ത്രാലയം പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത്. മുസാനിദ് വഴി ഈ വാലറ്റുകളിലൂടെയും അംഗീകൃത ബാങ്ക് അക്കൗണ്ടുകളിലൂടെയും ശമ്പളം തൊഴിലാളിയിലേയ്ക്ക് നേരിട്ട് എത്തിക്കുന്നതാണ് പദ്ധതി.
ഗാർഹിക തൊഴിൽ മേഖലയുടെ ആകർഷണീയത വർധിപ്പിക്കുന്നതിനും തൊഴിൽ തർക്കങ്ങൾ കുറക്കുന്നതിനും പദ്ധതി സഹായിക്കുമെന്നാണ് വിലയിരുത്തൽ. നാലിൽ കൂടുതൽ തൊഴിലാളികളുള്ള തൊഴിലുടമകൾ 2025 ജനുവരി ഒന്നിന് മുമ്പും മൂന്ന് തൊഴിലാളികളുള്ള ഉടമകൾ 2025 ജൂലൈ ഒന്നിനുള്ളിലും രണ്ട് തൊഴിലാളികളുള്ള ഉടമകൾ 2025 ഒക്ടോബർ ഒന്നിനുള്ളിലും പദ്ധതി നടപ്പാക്കണമെന്നാണ് നിർദേശം.