ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസ വാർത്തയുമായി ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ. ഇന്ത്യയിലേയ്ക്ക് പുതിയതായി രണ്ട് സർവ്വീസുകൾ ആരംഭിക്കാനൊരുങ്ങുകയാണ് എയർലൈൻ.
ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലേയ്ക്കാണ് സലാം എയർ സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. മുംബൈയിലേക്ക് സെപ്തംബർ രണ്ട് മുതലും ബംഗളൂരുവിലേക്ക് സെപ്തംബർ ആറ് മുതലും സർവീസ് ആരംഭിക്കും. മുംബൈയിലേക്ക് ആഴ്ചയിൽ നാല് സർവീസുകളും ബംഗളൂരുവിലേക്ക് രണ്ട് സർവീസുകളുമാണ് നടത്തുക.
ഏറ്റവും കുറഞ്ഞ നിരക്കിലാണ് ടിക്കറ്റുകളും ലഭ്യമാക്കിയിട്ടുള്ളതെന്ന് അധികൃതർ വ്യക്തമാക്കി. ലൈറ്റ് ഫെയർ വിഭാഗത്തിൽ മുംബൈ സെക്ടറിൽ 19 റിയാലും ബംഗളൂരു സെക്ടറിൽ 33 റിയാലുമാണ് ടിക്കറ്റ് നിരക്ക്. അതേസമയം, ഓഫർ നിരക്കിൽ ഏഴ് കിലോ ഹാൻഡ് ലഗേജ് മാത്രമാണ് അനുവദിക്കുക. കൂടുതൽ ബാഗേജിന് യാത്രക്കാർ അധികം തുക നൽകേണ്ടിവരും.