പ്രവാസി ഇന്ത്യക്കാർക്ക് ആശ്വാസമായി പുതിയ സർവ്വീസ് ആരംഭിച്ച് ഒമാൻ്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ. മസ്‌കത്തിൽ നിന്ന് ഡൽഹിയിലേയ്ക്കാണ് സലാം എയർ പുതിയ സർവ്വീസ് തുടങ്ങിയത്. ഇതോടെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രവാസികളുടെ യാത്രാദുരിതത്തിന് ആശ്വാസമാകും.
ആഴ്‌ചയിൽ രണ്ട് ദിവസങ്ങളിലാണ് സലാം എയർ ഇരുഭാഗങ്ങളിലേക്കുമുള്ള സർവീസുകൾ തീരുമാനിച്ചിരിക്കുന്നത്. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ മസ്കത്തിൽ നിന്നും പുലർച്ചെ 2.15ന് പുറപ്പെടുന്ന വിമാനം രാവിലെ 6.45ന് ഡൽഹിയിൽ എത്തിച്ചേരും. തുടർന്ന് ഡൽഹിയിൽ നിന്നും രാവിലെ 7.45ന് പുറപ്പെടുന്ന വിമാനം ഒമാൻ സമയം രാവിലെ 9.25ന് തിരിച്ച് മസ്‌കത്തിലെത്തും.
സർവ്വീസ് ആരംഭിച്ച ആദ്യ ദിനത്തിൽ മസ്കത്തിൽ നിന്ന് ഡൽഹിയിലേക്ക് 83.40 റിയാലും ഡൽഹിയിൽ നിന്ന് മസ്കത്തിലേക്ക് 46.79 റിയാലുമായിരുന്നു ടിക്കറ്റ് നിരക്ക്. മസ്കത്തിൽ നിന്ന് ഡൽഹിയിലേയ്ക്കുള്ള വിമാന സർവ്വീസുകൾ ജൂൺ 29ഓടെ എയർ ഇന്ത്യ അവസാനിപ്പിച്ചിരുന്നു. അതിനാൽ സലാം എയറിന്റെ പുതിയ സർവ്വീസ് യാത്രക്കാർക്ക് ആശ്വാസമാകും.