ഇന്ത്യയിലേയ്ക്കുള്ള സര്‍വീസുകൾ പുനരാരംഭിക്കാനൊരുങ്ങി ഒമാൻ്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ. കോഴിക്കോടേയ്ക്കുള്ള സർവീസുകൾ ഡിസംബർ 16-നാണ് ആരംഭിക്കുക. തിരുവനന്തപുരത്തേക്കുള്ള സർവ്വീസിന്റെ തിയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഒക്ടോബർ ഒന്ന് മുതലായിരുന്നു സലാം എയർ ഇന്ത്യയിലേയ്ക്കുള്ള എല്ലാ സർവീസുകളും റദ്ദാക്കിയത്.
ഒമാനിലെ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ പിന്തുണയും ഒമാൻ എയറുമായുള്ള സഹകരണവുമാണ് ഇന്ത്യയിലേയ്ക്കുള്ള സർവീസുകൾ പുനരാരംഭിക്കാൻ കാരണമെന്ന് സലാം എയർ ചെയർമാൻ ഡോ.അൻവർ മുഹമ്മദ് അൽ റവാസ് വ്യക്തമാക്കി. തിരുവനന്തപുരം, കോഴിക്കോട്, ഹൈദരാബാദ്, ജയ്പൂർ, ലഖ്നോ എന്നീ ഇന്ത്യൻ നഗരങ്ങളിലേക്കാണ് മസ്കത്തിൽ നിന്ന് നേരിട്ട് സലാം എയർ സർവീസ് നടത്തുക.
മസ്കത്തിൽ നിന്ന് ഡിസംബർ 16-ന് രാത്രി 10.30-നാണ് കോഴിക്കോടേയ്ക്കുള്ള വിമാനം പുറപ്പെടുക. ഇത് പുലർച്ചെ 3.20ന് കോഴിക്കോട്ടെത്തും. കോഴിക്കോട് നിന്ന് ഡിസംബർ 17 മുതലാണ് മസ്കത്തിലേക്ക് സർവീസ് ആരംഭിക്കുന്നത്. ആഴ്ചയിൽ എല്ലാ ദിവസവും കമ്പനി സർവീസ് നടത്തും. കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ സാധിക്കുന്ന സലാം എയർ സർവ്വീസ് പുനരാരംഭിക്കുന്നത് സാധാരണക്കാരായ പ്രവാസികൾക്ക് വളരെ ആശ്വാസമാകും.