സജി ചെറിയാൻ വീണ്ടും മന്ത്രിസഭാംഗമായി സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റു. രാജ്‌ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. മുഖ്യമന്ത്രി പിണറായി വിജയൻ, സ്‌പീക്കർ എ.എൻ ഷംസീർ, മന്ത്രിമാർ, ഘടകകക്ഷി നേതാക്കൾ തുടങ്ങിയവർ സത്യപ്രതിജ്ഞാ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക് എത്തുന്നത്.
ചെങ്ങന്നൂർ എംഎൽഎയായ സജി ചെറിയാൻ നിലവിലെ മന്ത്രിസഭയിൽ ഫിഷറീസ്, സാംസ്‌കാരിക, യുവജനകാര്യ മന്ത്രിയായിരുന്നു. കഴിഞ്ഞ ജൂലൈ മൂന്നിന് മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗത്തിലെ ഭരണഘടനയുമായി ബന്ധപ്പെട്ട പരാമർശത്തിന്റെ പേരിൽ വിവാദങ്ങൾ ഉയര്‍ന്നതോടെ സ്ഥാനം രാജിവയ്ക്കുകയായിരുന്നു. കോടതിയിൽ കേസ് വന്ന സാഹചര്യത്തിൽ ധാർമികത ഉയർത്തിപ്പിടിച്ചായിരുന്നു രാജി.
മല്ലപ്പളളി പ്രസംഗത്തിന്റെ പേരിൽ സജി ചെറിയാനെ എംഎൽഎ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി തള്ളിയിരുന്നു. തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിലെ കേസ് അവസാനിപ്പിക്കാൻ പൊലീസ് അപേക്ഷയും നൽകിയിട്ടുണ്ട്. ഇതോടെ സജി ചെറിയാനെ മന്ത്രസഭയില്‍ ഉൾപ്പെടുത്തണമെന്ന മുഖ്യമന്ത്രിയുടെ അപേക്ഷ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകരിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അംഗീകരിക്കണമെന്ന അറ്റോർണി ജനറൽ ആർ.വെങ്കട്ടരമണിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ സമ്മതം അറിയിച്ചത്.