ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയെന്ന കേസിൽ രാജിവച്ച സജി ചെറിയാൻ മന്ത്രിയായി ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിൽ വൈകിട്ട് നാലു മണിക്കാണ് ചടങ്ങ് നടക്കുക. സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ ഗവർണർ കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. മന്ത്രിസഭയിൽ തിരിച്ചെത്തുമ്പോൾ സജി ചെറിയാന് മുൻപ് കൈകാര്യം ചെയ്തിരുന്ന ഫിഷറീസ്, സംസ്‌കാരികം, യുവജനക്ഷേമ വകുപ്പുകൾ തന്നെ ലഭിക്കുമെന്നാണ് സൂചന.
പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചു. ഭരണഘടനയെ അവഹേളിച്ച പ്രസംഗം അതുപോലെ നിലനിൽക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഈ തീരുമാനം. സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കോൺഗ്രസ് പ്രതിഷേധിക്കും. രാവിലെ ഡിസിസിയുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് മാർച്ച് സംഘടിപ്പിച്ചിരുന്നു. മാർച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു. സത്യപ്രതിജ്ഞ നടക്കുന്ന ഇന്ന് ജില്ലകളിൽ കരിദിനമായി ആചരിക്കാനാണ് പാർട്ടി തീരുമാനം.