മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിൻ്റെ ആവശ്യം അംഗീകരിച്ച് കേന്ദ്ര ജല കമ്മീഷൻ. 12 മാസത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കാൻ മുല്ലപ്പെരിയാർ അണക്കെട്ട് മേൽനോട്ട സമിതിയുടെ ഇന്ന് ചേർന്ന യോഗം തീരുമാനിച്ചു. 13 വർഷത്തിന് ശേഷമാണ് മുല്ലപ്പെരിയാറിൽ സുരക്ഷാ പരിശോധന നടത്തുന്നത്.
തമിഴ്നാടിന്റെ എതിർപ്പ് തള്ളിക്കൊണ്ടാണ് ജലകമ്മീഷൻ്റെ തീരുമാനം. 2021ലെ അണക്കെട്ട് സുരക്ഷാ നിയമപ്രകാരം ഇങ്ങനെയുള്ള പരിശോധന 2026ൽ മാത്രം നടത്തിയാൽ മതിയെന്ന തമിഴ്നാടിൻ്റെ വാദമാണ് ജല കമ്മീഷൻ തള്ളിയത്. 2011ലാണ് ഏറ്റവും അവസാനം മുല്ലപ്പെരിയാർ ഡാമിൽ സമഗ്ര സുരക്ഷാ പരിശോധന നടത്തിയത്. എന്നാൽ പ്രധാന ഡാമുകളിൽ 10 വർഷത്തിലൊരിക്കൽ സുരക്ഷാ പരിശോധന നടത്തണമെന്ന് കേന്ദ്ര ജല കമ്മീഷൻ്റെ സുരക്ഷാ പുസ്തകത്തിൽ വ്യവസ്ഥയുണ്ട്.
കേരളത്തിന്റെ ആശങ്കകൾ കണക്കിലെടുത്ത് അണക്കെട്ടിൽ സമഗ്ര സുരക്ഷാ പരിശോധന ആവശ്യമാണെന്ന്, പൊതുതാത്പര്യ ഹരജിയിൽ 2022 ഫെബ്രുവരിയിൽ സുപ്രീംകോടതി വിധിച്ചിരുന്നു. എന്നാൽ സുരക്ഷാ പരിശോധനയെ തമിഴ്നാട് എതിർത്തുവരികയായിരുന്നു. അറ്റകുറ്റപ്പണി മതിയെന്നും സുരക്ഷാ പരിശോധന വേണ്ടെന്ന നിലപാടുമായിരുന്നു തമിഴ്നാടിന്റേത്.