വേനൽ അവധി കഴിഞ്ഞ് ഒക്ടോബര്‍ ഒന്നിന് ദുബായ് സഫാരി പാര്‍ക്ക് തുറക്കുമ്പോള്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത് അപൂര്‍വമായ ഒരു മത്സരം. പാര്‍ക്കില്‍ പിറന്ന മൂന്ന് അപൂര്‍വയിനം മൃഗക്കുഞ്ഞുങ്ങള്‍ക്ക് പേരിടാനാണ് മത്സരം നടത്തുന്നത്. സ്വദേശികളും വിദേശികളുമായ സഫാരി പാര്‍ക്ക് സന്ദര്‍ശകര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.
വംശനാശഭീഷണി നേരിടുന്ന വിഭാഗത്തിൽ ഒരു വെളുത്ത കാണ്ടാമൃഗവും രണ്ട് ചന്ദ്ര കരടികളുമാണ് പാര്‍ക്കില്‍ പുതുതായി ജനിച്ചതെന്ന് പാര്‍ക്ക് അധികൃതര്‍ വെളിപ്പെടുത്തി. ഏഷ്യാറ്റിക് ബ്ലാക്ക് ബിയേഴ്‌സ് എന്നറിയപ്പെടുന്ന ചന്ദ്രക്കരടികള്‍ ഇരട്ടക്കുട്ടികളാണ്. വെള്ള നിറമാണ് ആണ്‍ കാണ്ടാമൃഗത്തിന്. ചന്ദ്രക്കരടികള്‍ ജനുവരി 23നും കണ്ടാമൃഗം ജൂണ്‍ 21നുമാണ് പിറന്നത്.
ഇന്‍റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിൻ്റെ റെഡ് ലിസ്റ്റില്‍ പെട്ടതാണ് ചന്ദ്രക്കരടികളും വെള്ള കണ്ടാമൃഗങ്ങളും. അന്തര്‍ദേശീയവും പ്രാദേശികവുമായ മൃഗശാലകളുമായി സഹകരിച്ച് വംശനാശഭീഷണി നേരിടുന്ന ജീവികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് ദുബായ് സഫാരി പാര്‍ക്ക് പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ പറഞ്ഞു.
അല്‍ ഐന്‍ മൃഗശാലയും ദുബായ് സഫാരി പാര്‍ക്കും തമ്മിലുള്ള സഹകരണത്തിന്‍റെ ഫലമാണ് ഈ സുപ്രധാന നേട്ടമെന്നും മൃഗക്കുഞ്ഞുങ്ങൾക്ക് പേരിടലിനെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്ന് ദുബായ് മുനിസിപ്പാലിറ്റിയിലെ പബ്ലിക് പാര്‍ക്കുകളുടെയും വിനോദ സൗകര്യങ്ങളുടെയും ഡയറക്ടര്‍ അഹ്മദ് അല്‍ സറൂനി അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc