ഇന്ത്യയ്ക്കായി വീണ്ടും പാഡണിയാനൊരുങ്ങി മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കർ. ഈ വർഷം തുടക്കമിടുന്ന അന്താരാഷ്ട്ര മാസ്റ്റേഴ്‌സ് ലീഗിലാണ് (ഐഎംഎൽ) ആരാധകരെ ഒരിക്കൽ കൂടി വിസ്‌മയിപ്പിക്കാൻ സച്ചിൻ എത്തുന്നത്. വർഷങ്ങൾക്ക് ശേഷം വീണ്ടും ആരാധകർക്ക് പ്രിയപ്പെട്ട ക്രിക്കറ്റ് ഇതിഹാസത്തിന്റെ പ്രകടനം നേരിട്ട് കാണാൻ സാധിക്കും.
ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ശ്രീലങ്ക, ദക്ഷിണ ആഫ്രിക്ക, വെസ്റ്റ് ഇൻഡീസ് എന്നീ ആറ് ടീമുകളാണ് മാസ്റ്റേഴ്സ് ലീഗിലുള്ളത്. ടൂർണ്ണമെന്റിന്റെ തീയതി ഇതുവരെ അന്തിമമാക്കിയിട്ടില്ലെങ്കിലും നവംബറിൽ മുംബൈ, ലഖ്നൗ, റായ്‌പുർ എന്നിവിടങ്ങളിലായി നടക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം, മാസ്‌റ്റേഴ്‌സ് ലീഗിൽ കളത്തിലിറങ്ങുന്ന മറ്റ് താരങ്ങൾ ആരൊക്കെയാണ് എന്നതും ഇതുവരെ വ്യക്തമായിട്ടില്ല. സച്ചിന്റെ തെണ്ടുൽക്കറും സുനിൽ ഗവാസ്കറുമാണ് മാസ്റ്റേഴ്‌സ് ലീഗിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്നത്.
‘ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും ക്രിക്കറ്റിന് ജനപ്രീതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദശകത്തിൽ ടി20 ക്രിക്കറ്റ് അതിന്റെ സ്വീകാര്യത ഉയർത്തുകയും പുതിയ ആരാധകരെ കളിയിലേക്ക് ആകർഷിക്കുകയും ചെയ്‌തു. പ്രായഭേദമന്യേ ആരാധകർക്കിടയിൽ ഇപ്പോൾ വലിയ ആഗ്രഹമുണ്ട്, പുതിയ ഫോർമാറ്റുകളിലുള്ള പഴയ പോരാട്ടങ്ങൾക്ക് വീണ്ടും സാക്ഷിയാവുക, കായികതാരങ്ങൾ ഒരിക്കലും ഹൃദയംകൊണ്ട് വിരമിക്കാറില്ല, കളിക്കളത്തിൽ തിരിച്ചെത്താനുള്ള അവസരത്തിനായി അവർ കാത്തിരിക്കുന്നു’ എന്നാണ് ഇതുമായി ബന്ധപ്പെട്ട് സച്ചിൻ പറഞ്ഞത്.