ചന്ദ്രയാൻ 3ന്റെ ലാൻഡർ ഇറങ്ങിയ സ്ഥലത്തിന് ‘ശിവശക്തി’ എന്ന് പേരിട്ടതിൽ വിവാദം വേണ്ടെന്ന് എസ്.സോമനാഥ് . പേരിടാൻ രാജ്യത്തിന് അവകാശമുണ്ടെന്നും ശാസ്ത്രവും വിശ്വാസവും രണ്ടും രണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
ചന്ദ്രയാൻ 3 ദൗത്യം സമ്പൂർണ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചന്ദ്രയാൻ 3 ലെ എല്ലാ ഭാഗങ്ങളും കൃത്യമായി പ്രവർത്തിച്ചിട്ടുണ്ട്. ഒരു തകരാറും കാണാൻ കഴിഞ്ഞില്ല. നമ്മുക്കിനിയും ചന്ദ്രനിലേക്കും ശുക്രനിലേക്കും ചൊവ്വയിലേക്കും യാത്ര ചെയ്യാൻ കഴിയും. എന്നാൽ വേണ്ടത് ആത്മവിശ്വാസം വർധിപ്പിക്കണം, കൂടുതൽ നിക്ഷേപം വേണം, സ്പേസ് സെക്ടർ മേഖല വലുതാകണമെന്നും സോമനാഥ് പറഞ്ഞു. രാജ്യത്തിന്റെ പുരോഗതിയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ‘ആദിത്യ എൽ-1’ വിക്ഷേപണം സെപ്റ്റംബർ ആദ്യവാരമുണ്ടാകുമെന്നും രണ്ടു ദിവസത്തിനുള്ള വിക്ഷേപണ ദിവസം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാറ്റലൈറ്റ് റെഡിയായി കഴിഞ്ഞു. വിക്ഷേപണത്തിന് ശേഷം 125 ദിവസമെടുക്കും ലക്ഷ്യത്തിലെത്താൻ. ഗഗൻയാന്റെ പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നതായി സോമനാഥ് വ്യക്തമാക്കി.