കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ റൺവേ റീ കാർപ്പറ്റിംഗ് പൂർത്തിയായി. ശനിയാഴ്ച മുതൽ 24 മണിക്കൂർ വിമാന സർവീസ് പുനരാരംഭിക്കും. റീ കാർപ്പറ്റിംഗ് പ്രവൃത്തികളെ തുടർന്ന് നിലവിൽ രാത്രി സമയത്ത് മാത്രമാണ് കരിപ്പൂരിൽ നിന്നു വിമാനങ്ങൾ സർവീസ് സർവീസ് നടത്തുന്നത്.
റൺവേ റീ കാർപ്പറ്റിംഗ് ജനുവരിയിൽ ആരംഭിച്ചത് മുതൽ വിമാന സർവീസുകൾ രാവിലെ പത്ത് മണി മുതൽ വൈകുന്നേരം ആറ് മണി വരെ നിർത്തിവച്ചിരുന്നു. കൂടാതെ റീ കാർപ്പറ്റിംഗിന് പുറമേ ഗ്രേഡിംഗ് ജോലി കൂടി പൂർത്തിയാക്കിയാണ് 24 മണിക്കൂർ സർവീസ് തുടങ്ങുന്നത്. ഇത് സംബന്ധിച്ച അറിയിപ്പ് വിമാന കമ്പനികൾക്ക് നൽകിയതോടെ വിമാനക്കമ്പനികളുടെ ശൈത്യകാല ഷെഡ്യൂളുകളിലും മാറ്റം വരും.
എന്നാൽ റീ കാർപ്പറ്റിംഗ് ജോലി ജൂണിൽ പൂർത്തീകരിച്ചെങ്കിലും മണ്ണ് ലഭിക്കാത്തതിനാൽ വശങ്ങളിൽ മണ്ണിട്ട് നിരപ്പാക്കുന്ന ഗ്രേഡിംഗ് ജോലി നീണ്ടു പോവുകയായിരുന്നു. മഴ തുടങ്ങിയതോടെ ഇത് പൂർത്തിയാക്കാൻ കൂടുതൽ സമയം വേണ്ടി വന്നു. പകലും സർവീസ് ആരംഭിക്കുന്നതോടൊപ്പം വലിയ വിമാനങ്ങൾക്കും കരിപ്പൂരിൽ ഇറങ്ങാൻ അനുമതി നൽകണമെന്ന ആവശ്യവും ഇതിനോടൊപ്പം ഉയർന്നിട്ടുണ്ട്.