ദുബായിൽ 350 ഫാൻസി നമ്പറുകൾ ലേലം ചെയ്യാനൊരുങ്ങി ആർ.ടി.എ. ഫാൻസി നമ്പർ പ്ലേറ്റുകളുടെ ഓൺലൈൻ ലേലമാണ് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) പ്രഖ്യാപിച്ചിരിക്കുന്നത്. ‘എ’ മുതൽ ‘വൈ’ വരെയുള്ള ഇംഗ്ലീഷ് അക്ഷരങ്ങൾക്കൊപ്പമുള്ള ചില നമ്പറുകളാണ് ലഭ്യമാക്കുക. ഇതുവഴി സ്വകാര്യ, വിന്റേജ് വാഹനങ്ങൾക്ക് 3,4,5 അക്കങ്ങളുള്ള നമ്പറുകൾ കരസ്ഥമാക്കാൻ സാധിക്കും.
ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരുടെ രജിസ്ട്രേഷൻ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ജൂലൈ 31ന് രാവിലെ എട്ട് മണി മുതൽ ലേല നടപടികൾ ആരംഭിക്കും. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ലേലത്തിൽ നമ്പർ സ്വന്തമാക്കുന്നവർക്ക് വാറ്റ് ബാധകമാണെന്നും എല്ലാവരും ട്രാഫിക് ഫയൽ ഓപ്പൺ ചെയ്തിരിക്കണമെന്നും ആർ.ടി.എ അറിയിച്ചു. കൂടാതെ 5,000 ദിർഹത്തിന്റെ സെക്യൂരിറ്റി ചെക്കിനോടൊപ്പം 120 ദിർഹം പങ്കാളിത്ത ഫീസായും അടക്കണം.
ദുബായ് ഡ്രൈവ് ആപ്പ്, ആർ.ടി.എ വെബ്സൈറ്റ് എന്നിവയ്ക്ക് പുറമെ ഉമ്മുറമൂല, അൽ ബർഷ, ദേര എന്നിവിടങ്ങളിലെ കസ്റ്റമർ സെന്ററുകൾ വഴി ഉപഭോക്താക്കൾക്ക് പണമിടപാടുകൾ നടത്താൻ സാധിക്കും. 72-ാമത് ഓൺലൈൻ ലേലമാണ് ആർ.ടി.എ സംഘടിപ്പിക്കുന്നത്.