പുതിയ വാഹന പരിശോധനാ കേന്ദ്രം തുറന്ന് ദുബായ് ഗതാഗത വിഭാഗം. സൈഹ് ഷുഐബിലാണ് കേന്ദ്രം. ഒരേ സമയം അഞ്ഞൂറ് വാഹനങ്ങളെ ഉൾക്കൊളളാന്‍ ശേഷിയുള്ളതാണ് പുതിയ വാഹന പരിശോധന, രജിസ്‌ട്രേഷൻ സെന്റർ. വേഗതയേറിയ സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം.
എമിറേറ്റിലെ സുസ്ഥിര ഗതാഗതം ഉറപ്പുവരുത്തുന്നതിനാണ് സാങ്കേതിക പരിശോധനാ കേന്ദ്രങ്ങളുടെ സേവന വ്യാപ്തി വിപുലീകരിക്കുന്നതെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി. നൂതന സംരഭങ്ങളിലൂടെ ഉപഭോക്താക്കളുടെ അനുഭവങ്ങളെ ആഗോള നിലവാരത്തിലേക്ക് ഉയർത്തകയെന്നതും ലക്ഷ്യമാണ്.
എട്ട് ടെസ്റ്റിംഗ് പാതകൾ , ഹെവി വാഹനങ്ങൾക്ക് അഞ്ച്, ചെറുവാഹനങ്ങൾക്ക് മൂന്ന്, സമഗ്ര പരിശോധനയ്ക്ക് ഒന്ന്. ലൈറ്റ്, ഹെവി മെക്കാനിക്കൽ വാഹനങ്ങൾക്കുള്ള മൊബൈൽ ടെസ്റ്റിംഗ് സേവനം, സമഗ്രമായ വാഹന പരിശോധന സേവനം തുടങ്ങിയവയാണ് പുതിയ കേന്ദ്രത്തിലുളളത്. വിഐപി സേവനം, പ്ലേറ്റ് ഫാക്ടറി, ഷാസി നമ്പർ പ്രിന്റിംഗ് ലൈറ്റ്, ഹെവി വാഹനങ്ങൾ നന്നാക്കുന്നതിനുള്ള വർക്ക് ഷോപ്പ് എന്നിവയും വാഗ്ദാനം ചെയ്യുന്നുണ്ട്.
ലൈറ്റ്, മീഡിയം, ഹെവി വാഹനങ്ങളുടെ ടെസ്റ്റിംഗും ലൈസൻസിംഗുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും രാവിലെ ഏഴ് മണിമുതൽ രാത്രി പത്തര വരെയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. പൊതു-സ്വകാര്യ പങ്കാളികളുമായി സഹകരിച്ച് വാഹന പരിശോധനയും രജിസ്ട്രേഷൻ സേവനങ്ങളും ഉൾപ്പെടെ പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ വിപുലീകരിക്കുമെന്നും അതോറിറ്റ് അറിയിച്ചു.