പുണ്യ റമദാനിൽ പ്രാർത്ഥനയോടെ നോമ്പ് നോറ്റ് വിശ്വാസികൾ. കാരുണ്യ പ്രവർത്തനങ്ങൾക്ക് എന്നും മുന്നിലാണ് യുഎഇ. റമദാൻ മാസത്തിൽ സായിദ് ജീവകാരുണ്യ ദിനത്തോടനുബന്ധിച്ച് 2,520 പേർക്ക് റമദാൻ റേഷൻ വിതരണം ചെയ്തിരിക്കുകയാണ് ദുബായ് റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ). ദുബായ് എമിറേറ്റിലെ സഹായം ആവശ്യമുള്ള കുടുംബങ്ങളെ തെരഞ്ഞെടുത്താണ് റേഷൻ എത്തിച്ചത്. പദ്ധതിയുടെ ഭാഗമായി 630 നോൽ കാർഡുകൾ നേരത്തെ വിതരണം ചെയ്തിരുന്നു.
നോൽ കാർഡ് ഉപയോഗിച്ച് വിവിധ സ്ഥാപനങ്ങളിൽ നിന്ന് അവശ്യവസ്തുക്കൾ വാങ്ങാൻ കഴിയും. ആർ.ടി.എയുടെ മുതിർന്ന ഉദ്യോഗസ്ഥരും വിമൻസ് കമ്മിറ്റി അംഗങ്ങളും 58 സന്നദ്ധ പ്രവർത്തകരും ഈ പദ്ധതിയിൽ പങ്കാളികളായി. യു.എ.ഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന്റെ അനുസ്മരണ ദിനത്തോടനുബന്ധിച്ചാണ് സായിദ് ജീവകാരുണ്യ ദിനം ആചരിക്കുന്നത്.