കഴിഞ്ഞ വര്‍ഷം ഡിജിറ്റല്‍ സേവനങ്ങൾ വഴി ദുബായ് ആര്‍ടിഎ നേടിയത് 350 കോടി വരുമാനം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 32 ശതമാനം വളര്‍ച്ചയെന്നും റോഡ് ആന്‍റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി. ഡിജിറ്റല്‍ ഇടപാടുകളുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനയാണ് ഉണ്ടായത്.
2021ല്‍ 676 ദശലക്ഷം ഡിജിറ്റല്‍ ഇടപാടുകൾ നടന്നെന്നും 12 ലക്ഷം ഇടപാടുകൾ സ്മാര്‍ട്ട് ആപ്പുകൾ വഴിയാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 28 ശതമാനം വളര്‍ച്ച ഡിജിറ്റല്‍ ഇടപാടുകളില്‍ ഉണ്ടായപ്പോൾ സ്മാര്‍ട്ട് ആപ്പുകളുടെ ഉപയോഗത്തില്‍ 44 ശതമാനം വര്‍ദ്ധവും രേഖപ്പെടുത്തി.
309 സേവനങ്ങൾ ദുബായ് ആര്‍ടിഎ ഡിജിറ്റലായി നല്‍കുന്നുണ്ടെന്നും ദുബായിയെ ലോകത്തിലെ ഏറ്റവും നല്ല സ്മാര്‍ട് നഗരമാക്കാനുളള ഭരണാധികാരികളുടെ ശ്രമത്തിനുളള ഫലമാണ് നേട്ടമെന്നും ആര്‍ടിഎ ചെയര്‍മാന്‍ മത്തര്‍ അല്‍ തായര്‍ പറഞ്ഞു. ആര്‍ടിഎ ഡിജിറ്റല്‍ സേവനങ്ങൾക്കായി രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 20 ലക്ഷം പിന്നിട്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ആര്‍ടിഎ സ്മാര്‍ട് ആപ്പ് 60 ലക്ഷം പേര്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡിജിറ്റല്‍ നയത്തിന്‍റെ ഭാഗമായി ആര്‍ടിഎ നടപ്പാക്കുന്ന പദ്ധതികൾ പുരോഗമിക്കുകയാണ്. 106 പദ്ധതികളില്‍ 76 എണ്ണം പൂര്‍ത്തിയായി. 14 പദ്ധതികളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ആപ്പ് ഉപയോഗങ്ങൾ വര്‍ദ്ധിച്ചതോടെ കോൾ സെന്‍ററുകളില്‍ 40 ശതമാനം ഫോണ്‍ വഴിയുളള അന്വേഷണങ്ങളിലും കുറവുണ്ടായി. ഡിജിറ്റല്‍ സേവനങ്ങൾ വര്‍ദ്ധിച്ചതോടെ ദുബായുടെ കടലാസു രഹിത സമീപനത്തിലും ആര്‍ടിഎയ്ക്ക് പ്രധാന പങ്കുവഹിക്കാന്‍ കഴിഞ്ഞെന്നാണ് വിലയിരുത്തല്‍.