ദുബായിലെ ഷിന്ദഗ കോറിഡോറിൽ രണ്ട് പ്രധാന പാലങ്ങളും ഒരു തുരങ്കവും തുറന്നുകൊടുത്തെന്ന് ഗതാഗത വകുപ്പ്. അൽ ഖലീജ് സ്ട്രീറ്റിനും ഖാലിദ് ബിൻ അൽ വലീദ് റോഡിനും അൽ ഗുബൈബ റോഡിനും ഇടയിൽ സ്ഥിതിചെയ്യുന്ന ഫാൽക്കൺ ഇൻ്റർചേഞ്ച് ഇംപ്രൂവ്‌മെൻ്റ് പദ്ധതിയുടെ ഭാഗമായാണ് പാലങ്ങളും തുരങ്കവും തുറന്ന് നൽകിയത്.
രണ്ട് പാലങ്ങളെയും വടക്കുഭാഗത്ത് നിന്ന് ഇൻഫിനിറ്റി ബ്രിഡ്ജുമായും അൽ ഷിന്ദഗ ടണലുമായും ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ദുബായ് ഗതാഗത വിഭാഗം അറിയിച്ചു. റാഷിദ് റോഡിൻ്റേയും തെക്ക് ഭാഗത്ത് നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിൻ്റേയും ജംഗ്ഷനിൽ ആർടിഎ നിലവിൽ നിർമിക്കുന്ന പുതിയ പാലങ്ങളുമായും ഇവ ബന്ധിപ്പിക്കും. മണിക്കൂറിൽ 27,000 വാഹനങ്ങൾക്ക് കടന്നുപൊകാനാകുമെന്നും പാലത്തിന് സമീപം പാർക്കിംഗ് സൌകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഗതാഗത വിഭാഗം അറിയിച്ചു.
ഷെയ്ഖ് റാഷിദ് റോഡ്, അൽ മിന സ്ട്രീറ്റ്, അൽ ഖലീജ് സ്ട്രീറ്റ്, കെയ്‌റോ സ്ട്രീറ്റ് എന്നിവിടങ്ങളിലായി പതിമൂന്ന് കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതികളാണ് പൂർത്തിയാകുന്നത്. ഫാൽക്കൺ ഇന്റർചേഞ്ചിൻ്റെ വികസനം പ്രദേശത്തെ ഗതാഗത സുരക്ഷയും കാര്യക്ഷമതയും വർധിപ്പിക്കുമെന്ന് ആർടിഎ ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു.