സൗദിയുടെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി പരമ്പരാഗത സൗദി വസ്ത്രം ധരിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. അൽ നാസർ ക്ലബിന്റെ ദേശീയദിനാഘോഷ വീഡിയോയിലാണ് സൗദി വസ്ത്രം ധരിച്ചും കൈയിൽ വാളേന്തിയും താരം നാടൻ സംഗീതത്തിനൊപ്പം ചുവടുവെച്ചത്. സൗദിയുടെ ദേശീയ ദിനമായ നാളെ സൗദി പൈതൃകത്തെ ആദരിക്കുന്നതിനായി ഗംഭീര ആഘോഷ പരിപാടികളാണ് രാജ്യത്ത് ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിൽ രാജ്യത്തിന്റെ സ്ഥാപക ദിനാഘോഷങ്ങളിലും റൊണാൾഡോ പരമ്പരാഗത സൗദി വസ്ത്രം ധരിച്ച് സൗദി നൃത്തം അവതരിപ്പിച്ചിരുന്നു. വരാനിരിക്കുന്ന റിയാദ് സീസണിന്റെ അംബാസഡറാകാൻ പോകുകയാണ് റൊണാൾഡോ. അവിടെ അദ്ദേഹത്തിന്റെ നേട്ടങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു മ്യൂസിയവും ഒരുക്കും. ജനുവരിയിലാണ് റൊണാൾഡോ അൽ നാസർ ക്ലബിൽ ചേർന്നത്. പ്രതിവർഷം 200 ദശലക്ഷം യൂറോയ്ക്ക് 2025 വരെ നീളുന്ന കരാറിലാണ് അദ്ദേഹം ഒപ്പുവെച്ചത്.