ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ചരിത്രം കുറിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം. ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 100 റൺസെടുക്കുന്ന ടീമെന്ന റെക്കോഡാണ് ഇന്ത്യ സ്വന്തമാക്കിയത്. 10.1 ഓവറിലാണ് ഇന്ത്യ 100 റൺസെടുക്കുന്നത്.
ഇന്ത്യയുടെ തന്നെ റെക്കോഡാണ് ടീം തിരുത്തിയെഴുതിയത്. 2023-ൽ വിൻഡീസിനെതിരേ 12.2 ഓവറിൽ 100 റൺസെടുത്ത റെക്കോഡാണ് ഗംഭീറിന്റെ കീഴിൽ ടീം മറികടന്നത്. ഓപ്പണർമാരായ യശസ്വി ജയ്‌സ്വാളും നായകൻ രോഹിത്ത് ശർമയും നടത്തിയ വെടിക്കെട്ടാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചത്. ആദ്യ മൂന്നോവറിൽ ഇരുവരും ചേർന്ന് ടീം സ്കോർ 50 കടത്തി.
ഹസൻ മഹ്‌മൂദ് എറിഞ്ഞ ആദ്യ ഓവറിലെ മൂന്നു പന്തുകൾ തുടർച്ചയായി ബൗണ്ടറിയിലേക്കു പായിച്ച യശസ്വി ജയ്സ്വാളാണ് ബാറ്റിങ്ങിൽ അത്ഭുതം സൃഷ്ടിച്ചത്. ഇന്നിങ്സിൽ നേരിട്ട ആദ്യ രണ്ടു പന്തുകളും രോഹിത് സിക്സർ പായിച്ചു. രണ്ടാം ഓവറിലെ ആദ്യ പന്തിൽ ഖാലിദ് അഹമ്മദിനെ ലോങ് ഓണിനു മുകളിലൂടെ സിക്സർ പറത്തിയ രോഹിത്, രണ്ടാം പന്തും ഗാലറിയിലെത്തിച്ചു.
ടെസ്റ്റ‌് ചരിത്രത്തിൽ ഒരു ഇന്നിങ്സിലെ നേരിട്ട ആദ്യ രണ്ടു പന്തുകളും സിക്‌സർ പറത്തിയ നാലാമത്തെ താരമാണ് രോഹിത് ശർമ. വെസ്റ്റിൻഡീസ് താരം ഫോഫി വില്യംസ്, ഇന്ത്യൻ താരങ്ങളായ സച്ചിൻ തെൻഡുൽക്കർ, ഉമേഷ് യാദവ് എന്നിവരാണ് രോഹിത്തിന് മുൻ ടെസ്റ്റിൽ ആദ്യ പന്തുകൾ തന്നെ സിക്സറുകൾ അടിച്ച താരങ്ങൾ. 11 പന്തുകളിൽ 23 റൺസെടുത്ത് ഇന്ത്യൻ ക്യാപ്റ്റൻ പുറത്തായി. സ്കോർ 55 ൽ നിൽക്കെ മെഹ്ദി ഹസൻ മിറാസിന്റെ പന്തിൽ ഇന്ത്യൻ ക്യാപ്റ്റൻ ബോൾഡാകുകയായിരുന്നു.
രോഹിത് മടങ്ങിയപ്പോൾ ആരാധകർ എഴുന്നേറ്റുനിന്നു കയ്യടിച്ചു. ക്യാപ്റ്റനെ നഷ്ടമായെങ്കിലും ജയ്സ്വാൾ പിന്നോട്ടുപോയില്ല. 31 പന്തിൽ ജയ്സ്വാൾ അർധ സെഞ്ചറി തികച്ചു. ടെസ്റ്റ് ചരിത്രത്തിൽ ഇന്ത്യൻ ഓപ്പണറുടെ വേഗതയേറിയ അർധ സെഞ്ചറിയാണിത്. 32 പന്തിൽ അർധ സെഞ്ചറി തികച്ച വീരേന്ദർ സേവാഗിന്റെ റെക്കോർഡാണ് ജയ്സ്വാൾ തകർത്തത്. 51 പന്തുകൾ നേരിട്ട ജയ്സ്വാൾ 72 റൺസെടുത്ത് പുറത്തായി. 12 ഫോറും രണ്ടു സിക്സും താരം ബൗണ്ടറി കടത്തി. ഹസൻ മഹ്മൂദിന്റെ പന്തിൽ ജയ്സ്വാൾ ബോൾഡാകുകയായിരുന്നു.