ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ ഡബിള്‍സിൽ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ. ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന പ്രായം കൂടിയ പുരുഷതാരമായി മാറി താരം. നാല്‍പ്പത്തിമൂന്നാം വയസിലാണ് ചരിത്ര നേട്ടം.
ഫൈനലില്‍ ഇറ്റലിയുടെ സിമോണ്‍ ബോറെല്ലി – ആന്ദ്രേ വാവസോരി സഖ്യത്തെയാണ് ബൊപ്പണയും സഹതാരമായ ഓസ്ട്രേലിയയുടെ മാത്യു എബ്ദനും ചേർന്ന് നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയത്.(7-6 (7-0), 7-5). ആദ്യ സെറ്റില്‍ ടൈ ബ്രേക്കറിലാണ് സഖ്യം വിജയം കണ്ടെത്തിയത്.
ബൊപ്പണ്ണയുടെ കരിയറിലെ രണ്ടാം ഗ്രാന്‍ഡ്സ്ലാം നേട്ടവും ആദ്യ ഡബിള്‍സ് ഗ്രാന്‍ഡ്സ്ലാം കിരീടവുമാണിത്. 2017-ല്‍ കാനഡയുടെ ഗബ്രിയേല ഡബ്രോവ്സ്കിക്കൊപ്പം ഫ്രഞ്ച് ഓപ്പണിലായിരുന്നു ആദ്യ ഗ്രാൻഡ്സ്ലാം കിരീട നേട്ടം.
43ആം വയസ്സിൽ ലോക ഡബിൾസ് റാങ്കിങ്ങിൽ ഒന്നാമതെത്തി റെക്കോർഡിട്ടതിനും പത്മശ്രീ പുരസ്കാരത്തിനും പിന്നാലെയാണ് ഓസ്ട്രേലിയന്‍ ഓപ്പണിലെ വിജയറെക്കോർഡ്. രണ്ട് പതിറ്റാണ്ടിലേറെയായി നീണ്ടുപോയ ഡബിൾസ് ഗ്രാന്‍ഡ്സ്ലാമാണ് ബൊപ്പണ്ണ സ്വന്തമാക്കിയിരിക്കുന്നത്.