ഹറം പള്ളിയിൽ തീർത്ഥാടകർക്ക് വഴികാട്ടാൻ റോബോട്ടുകളുടെ സേവനം ലഭ്യമാക്കി അധികൃതർ. ആർട്ടിഫിഷൽ ഇന്റലിജന്റ്സിലൂടെ പ്രവർത്തിക്കുന്ന റോബോട്ടുകളെയാണ് ഒരു സ്ക്രീൻ വഴി പള്ളിഭരണസമിതി തീർത്ഥാടകർക്ക് വഴികാട്ടാൻ നിയോഗിച്ചിരിക്കുന്നത്. ഇവിടെയെത്തുന്നവർക്ക് ആചാരാനുഷ്ഠാനവുമായി ബന്ധപ്പെട്ട സംശയങ്ങൾ ഇവയിലൂടെ മനസിലാക്കാൻ സാധിക്കും. 5 ജിഗാഹെർട്സ് വൈഫൈ സഹായത്തോടെയാണ് ഈ റോബോട്ട് പ്രവർത്തിക്കുന്നത്.
സേവനങ്ങളുടെ വിശദാംശങ്ങൾ റോബട്ടിൽ സ്ഥാപിച്ചിരിക്കുന്ന 21 ഇഞ്ച് സ്ക്രീനിലൂടെ തീർത്ഥാടരകർക്ക് ലഭ്യമാകും. ക്യാമറകളുടെ സഹായത്തോടെ ചലിക്കുന്ന റോബട്ടിന്റെ മുന്നിലെയും പിന്നിലെയും തടസങ്ങൾ തിരിച്ചറിയാനും സാധിക്കും. അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യൻ, ചൈനീസ് ഭാഷകൾ കൈകാര്യം ചെയ്യുന്ന റോബട്ടിന് അതിവേഗം മറ്റ് ഭാഷകൾ പരിഭാഷപ്പെടുത്താനും കഴിവുണ്ട്. കൂടാതെ മികച്ച സ്പീക്കറും മൈക്ക് സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്.