വിവാദമായ റോബിൻ ബസ് വീണ്ടും സർവീസ് തുടങ്ങി. ഇന്നു പുലർച്ചെ പത്തനംതിട്ടയിൽ നിന്ന് റോബിൻ ബസ് കോയമ്പത്തൂരിലേക്കുള്ള സർവീസ് തുടങ്ങിയശേഷം മൂന്നാമതും പരിശോധനയ്ക്കായി ബസ് തടഞ്ഞ് എംവിഡി ഉദ്യോഗസ്ഥർ. ബസ് മൂന്നാം തവണയും തടഞ്ഞതോടെ ബസ് ഉടമയ്ക്ക് പിന്തുണയുമായി യാത്രക്കാർ എംവിഡിയ്ക്കെതിരെ പ്രതിഷേധിച്ച് രംഗത്തെത്തി.
സർവീസ് ആരംഭിച്ച ശേഷം പത്തനംതിട്ടയിലും പാലായിലും ബസ് തടഞ്ഞ് പരിശോധന നടത്തിയിരുന്നു. അങ്കമാലിയിൽ വെച്ചാണ് മൂന്നാമതും എംവിഡി ഉദ്യോഗസ്ഥർ ബസ് തടഞ്ഞത്. പത്തനംതിട്ട ബസ് സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട് 200 മീറ്റർ എത്തുംമുമ്പേ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തുകയും 7500 രൂപ പിഴ ചുമത്തുകയും ചെയ്തു. ഈരാട്ടുപേട്ടയിൽ റോബിൻ ബസിന് നാട്ടുകാർ വൻവരവേൽപ്പ് നൽകി. മോട്ടര്‍ വാഹനവകുപ്പിന്റെ നടപടികളെ വെല്ലുവിളിച്ചാണ് റോബിൻ ഓട്ടം തുടങ്ങിയത്, പെർമിറ്റ് ലംഘിച്ചെന്ന കുറ്റം ചുമത്തിയാണ് 7500 രൂപ പിഴയിട്ടത്.
നിയമപോരാട്ടത്തിന് തയ്യാറാണെന്നും ഹൈക്കോടതി പിഴയീടാക്കിയാൽ മാത്രമേ പിഴ ഒടുക്കുവുള്ളൂവെന്നും ഉടമ ഗിരീഷ് വ്യക്തമാക്കി. പുലർച്ചെ അഞ്ച് മണിക്ക് പത്തനംതിട്ടയിൽ നിന്നും ആരംഭിച്ച് ഉച്ചയ്ക്ക് 12 മണിക്ക് കോയമ്പത്തൂർ അവസാനിക്കുന്നതാണ് ആദ്യ ട്രിപ്പ്. എന്നാൽ പരിശോധനകൾ കാരണം ബസ് വൈകി. നിയമ ലംഘനം ചൂണ്ടിക്കാട്ടി കഴിഞ്ഞ ഒക്ടോബർ 16-ാം തീയതിയാണ് പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെട്ട ബസ് റാന്നിയിൽ വെച്ച് മോട്ടോർവെഹിക്കിൾ ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ബസ് കോടതി ഉത്തരവിലൂടെ പുറത്തിറക്കിയത്.