റോഡ് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ബഹ്റൈനിലെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ആറു മാസത്തിനിടെ 312 ട്രാഫിക് അടയാളങ്ങൾ സ്ഥാപിച്ചു. റോഡുകളിൽ അറ്റകുറ്റപ്പണികൾ നടത്തുകയും 202 വഴിയോര വിളക്കു കാലുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രാലയത്തിലെ റോഡ്സ് എൻജിനീയറിങ് ആൻഡ് പ്ലാനിങ് വിഭാഗം ഡയറക്ടർ മഹ ഖലീഫ ഹമാദ അറിയിച്ചു.
അതേസമയം ട്രാഫിക് അടയാളങ്ങളും വിളക്കുകളും യഥാവിധി പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധന നടത്തുകയും കേടുവന്നവ യഥാസമയം നന്നാക്കുകയോ മാറ്റിസ്ഥാപിക്കുകയോ ചെയ്തിട്ടുമുണ്ട്. കൂടാതെ 64 റിവേഴ്സ് മിറർ, 189 ഇടങ്ങളിൽ റോഡ് വരകൾ സ്ഥാപിക്കൽ, 470 ഹംപുകളുടെ റീ പെയിന്റിങ്, 67 നടപ്പാതകളിൽ പെയിന്റിങ് എന്നിവയാണ് മന്ത്രാലയം നടപ്പാക്കിയത്. ട്രാഫിക് അടയാളങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് 162 അപേക്ഷകളാണ് ഇക്കാലയളവിൽ ലഭിച്ചതെന്നും അവയ്ക്ക് ചിതമായ പരിഹാരം കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.