വായനയുടെ പുതിയ ലോകത്തേക്കുള്ള വാതിൽ തുറന്ന് അന്താരാഷ്ട്ര പുസ്തകമേളക്ക് റിയാദിൽ പ്രൗഢ തുടക്കമായി. ‘പ്രചോദനാത്മ ലക്ഷ്യസ്ഥാനം’ എന്ന തലവാചകത്തിൽ സൗദി സാംസ്കാരിക, വാർത്താവിനിമയ മന്ത്രാലയം സംഘടിപ്പിക്കുന്ന പുസ്തകോത്സവം റിയാദിലെ കിങ് സഊദ് യൂനിവേഴ്സിറ്റി കാമ്പസിലാണ് നടക്കുന്നത്. അറബ് ലോകത്തെ സാഹിത്യ, സാംസ്കാരിക പ്രമുഖരുടെയും ലോക രാജ്യങ്ങളില് നിന്നെത്തിയ പ്രസാധകരുടെയും സാന്നിധ്യത്തിലാണ് 10 ദിവസം തുടരുന്ന മേളക്ക് തുടക്കം കുറിച്ചത്
ആദ്യ ദിനമായ വ്യാഴാഴ്ച തന്നെ മേളനഗരിയും പരിസരവും ജനനിബിഢമായിരുന്നു. പുസ്തക മേളയിൽ ഒമാനാണ് ഈ വർഷത്തെ അതിഥി രാജ്യം. കിങ് സഊദ് യൂണിവേഴ്സിറ്റി കാമ്പസിനുള്ളിൽ പ്രത്യേകമായി ഒരുക്കിയ നഗരിയിലാണ് മേള പുരോഗമിക്കുക. 55,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ വിശാലമായി സജ്ജികരിച്ച നഗരിയിൽ 800 പവലിയനുകളാണ് തുറന്നിരിക്കുന്നത്.
എല്ലാ ദിവസവും രാവിലെ 10 മണി മുതൽ രാത്രി 11മണി വരെയാണ് മേളനഗരി സന്ദർശിക്കാനുള്ള സമയം. കൂടാതെ നഗരിയിൽ നിന്ന് ഒരു കിലോമീറ്ററോളം മാറിയുള്ള പാർക്കിങ് കേന്ദ്രത്തിൽ നിന്ന് ഹാളിലേക്ക് സൗജന്യ വാഹനസൗകര്യവും ഒരുക്കിയിട്ടുണ്ട്. ഓരോ ദിവസവും വ്യത്യസ്തമായ കലാസാംസ്കാരിക പരിപാടികൾ മേളയുടെ ഭാഗമായി അരങ്ങേറും. സാഹിത്യത്തെയും കലയെയും കുറിച്ചുള്ള ഏറ്റവും പുതിയ ചില പ്രസിദ്ധീകരണങ്ങളുടെയും ചിത്രങ്ങളുടെയും അപൂർവ ശേഖരവും മേളയിലുണ്ട്.
10 ലക്ഷത്തിലേറെ സന്ദർശകരെ പ്രതീക്ഷിക്കുന്ന മേളയിൽ ഇത്തവണ 1800 പ്രസാധകരാണുള്ളത്. എന്നാൽ ഇത്തവണ മലയാളം പ്രസാധകർ മേളയിൽ ഇടം പിടിച്ചിട്ടില്ല. വായനക്കാർക്ക് ഹാളിൽ പ്രത്യേകം വായനാമുറികൾ മേളയിൽ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ അപൂർവ കൈയ്യെഴുത്തു പ്രതികളും ചിത്രങ്ങളും കാണാനും വാങ്ങാനും സന്ദർശകർക്ക് പ്രത്യേക അവസരവുമുണ്ട്. അത് കൂടാതെ മേളയോടനുബന്ധിച്ച് പുസ്തക വ്യവസായം നേരിടുന്ന വിവിധ വെല്ലുവിളികൾക്ക് പരിഹാരം തേടുന്ന അന്താരാഷ്ട്ര പ്രസാധക സമ്മേളനം ഒക്ടോബർ നാലിന് ഇതേ വേദിയിൽ വച്ചാണ് നടക്കുക.