സൗദിയുടെ പുതിയ ദേശീയ വിമാന കമ്പനിയായ റിയാദ് എയറിന്റെ വിമാനം തിങ്കളാഴ്ച റിയാദ് നഗരിക്ക് മുകളിലൂടെ പറക്കും. വിമാനം താഴ്ന്നാകും പറക്കുക. വിമാനം പറക്കുന്ന കാഴ്ച കാണാൻ സ്വദേശികളോടും വിദേശികളോടും റിയാദ് എയർ അഭ്യര്‍ഥിച്ചിട്ടുണ്ട്. ‘ചരിത്ര നിമിഷത്തിനു സാക്ഷികളാകുക’ എന്നാണ് കമ്പനി ജനങ്ങളോട് ആഹ്വാനം ചെയ്തത്.
അതേസമയം രാജ്യത്തെ പുതിയ ദേശീയ വിമാനക്കമ്പനിയുടെ വിമാനങ്ങൾ എങ്ങനെയായിരിക്കും എന്ന് ജനങ്ങളെ അറിയാക്കാനാണ് ആദ്യ പറക്കലിലൂടെ ഉദ്ദേശിക്കുന്നതെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു. വയലറ്റ് നിറത്തിലുള്ള റിയാദ് എയറിന്റെ ആദ്യ വിമാനത്തിന്റെ ചിത്രങ്ങളും വിഡിയോയും നേരത്തേ തന്നെ കമ്പനി പുറത്തുവിട്ടിരുന്നു.
പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിനുവേണ്ടി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണ് റിയാദ് എയര്‍ പ്രഖ്യാപിച്ചത്. വ്യോമ ഗതാഗത മേഖലയുടെ വികസനത്തിന് സംഭാവന നൽകുന്നതിനും രാജ്യത്തിന്റെ തന്ത്രപരമായ സ്ഥാനം വർധിപ്പിക്കുന്നതിനും വേണ്ടിയാണ് പുതിയ വിമാന കമ്പനി ആരംഭിച്ചതെന്ന് അദ്ദേഹം അറിയിച്ചിരുന്നു. റിയാദ് ആസ്ഥാനമായുള്ള റിയാദ് എയർ ലോകത്തെ നൂറിലേറെ കേന്ദ്രങ്ങളിലേക്ക് സർവീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഔദ്യോഗിക വൃത്തങ്ങൾ കൂട്ടിച്ചേർത്തു.