ഗൾഫിലെ സ്കൂളുകൾ തുറക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കെ കേരളത്തിൽ നിന്ന് ജിസിസി രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാന കമ്പനികൾ. മധ്യവേനൽ അവധിക്കു നാട്ടിലേക്ക് പോയി മടങ്ങുന്ന പ്രവാസി കുടുംബങ്ങൾ ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. മാത്രമല്ല നേരിട്ടുള്ള വിമാനങ്ങളിൽ സീറ്റ് ലഭിക്കാത്തതും പ്രവാസികളെ വലയ്ക്കുന്നുണ്ട്.
അതേസമയം പരിമിതമായ സീറ്റിന് പൊള്ളുന്ന നിരക്കാണ് വിമാന കമ്പനികൾ ഈടാക്കുന്നത്. എന്നാൽ വിവിധ സെക്ടർ വഴിയുള്ള കണക്ഷൻ വിമാനത്തിൽ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നവർക്കും നിരക്കിന് വ്യത്യാസമില്ല. ഇന്നു കൊച്ചിയിൽ നിന്ന് ദുബായിലേക്ക് വൺവേ ടിക്കറ്റിന് 40,000 രൂപയാണ് ഈടാക്കുന്നത്. ഇതനുസരിച്ച് നാലംഗ കുടുംബത്തിന് ദുബായിലേക്കു വരാൻ 1,60,000 രൂപ വേണ്ടി വരും.
വരും ദിവസങ്ങളിൽ നിരക്ക് ഇനിയും കൂടുമെന്നാണ് ട്രാവൽ ഏജൻസികൾ സൂചിപ്പിച്ചത്. അതേസമയം എമിറേറ്റ്സ്, എയർ ഇന്ത്യ, ഇത്തിഹാദ്, ഖത്തർ എയർവേയ്സ് തുടങ്ങിയ എയർലൈനുകളിൽ ഇപ്പോൾ വൺവേ നിരക്ക് 60,000–90,000 രൂപയാണ് . തിരക്ക് കൂടുന്തോറും നിരക്കും കൂടുകയും ചെയ്യും. എന്നാൽ ചെറിയ കുട്ടികളുമായി കണക്ഷൻ വിമാനങ്ങളിൽ മണിക്കൂറുകളോളം യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടാണെന്നാണ് മലയാളി കുടുംബങ്ങൾ പറയുന്നത്.
എന്നാൽ സീറ്റ് കിട്ടാതെ ഗൾഫിലേക്ക് മടങ്ങിയെത്താനുള്ള പ്രയാസത്തിലാണ് പലരും. ജൂലൈയിൽ നാട്ടിലേക്ക് പോയി ഓഗസ്റ്റിൽ തിരിച്ചുവരാൻ നാലംഗ കുടുംബത്തിന് മൂന്ന് ലക്ഷത്തോളം രൂപ ടിക്കറ്റിനു മാത്രം ചെലവാക്കേണ്ടി വന്നുവെന്ന് യാത്രക്കാരനായ ഒരു പ്രവാസി പറഞ്ഞു. ഇതു മനസ്സിലാക്കി ഗൾഫിലേക്ക് അധിക വിമാന സർവീസ് ഏർപ്പെടുത്തണമെന്നാണ് എല്ലാ പ്രവാസികളുടെയും ആവശ്യം. കണ്ണൂർ ഉൾപ്പെടെയുള്ള കേരളത്തിലെ എല്ലാ വിമാനത്താവളത്തിലേക്കും സർവീസ് നടത്താൻ കൂടുതൽ വിമാനക്കമ്പനികൾക്ക് അനുമതി നൽകിയാൽ പ്രശ്നത്തിന് താൽക്കാലിക ആശ്വാസമാകുമെന്നും പ്രവാസികൾ പറയുന്നു.