വിമാനയാത്രയിൽ കൂടെ കൊണ്ടു പോകാൻ കഴിയുന്ന വളർത്തുമൃഗങ്ങളുടെ എണ്ണം ഒന്നായി ചുരുക്കി കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ). എന്നാൽ ഇതിനെതിരെ വളർത്തുമൃഗങ്ങളുടെ ഉടമകൾ രംഗത്തെത്തി. ഡി.ജി.സി.എയുടെ തീരുമാനം പൂർണമായും നിരസിക്കുന്നതായി അനിമൽ വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് ഷെയ്ഖ അൽ സദൂൻ അറിയിച്ചു. ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ ഉടമകള്‍ വളർത്തുമൃഗങ്ങളെ തെരുവിൽ തള്ളാൻ പ്രേരിപ്പിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ഉടമകള്‍ യാത്ര ചെയ്യുന്ന സമയത്ത് മൃഗങ്ങളെ പരിപാലിക്കാൻ ആളില്ലാത്തത് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുമെന്നും അൽ സദൂൻ പറഞ്ഞു. മാത്രമല്ല, തെരുവ് നായ്ക്കള്‍ പെരുകുന്നത് തടയുന്നതിന് വേണ്ടി വന്ധ്യംകരണവും കാസ്ട്രേഷൻ ക്യാമ്പയിനും ആരംഭിച്ചിട്ടുണ്ടെന്നും അൽ സദൂൻ അറിയിച്ചു. നിയമങ്ങള്‍ നടപ്പിലാക്കുന്നതിലെ അപാകതയാണ് തെരുവ് നായ്ക്കള്‍ വർധിക്കാന്‍ കാരണമെന്നും അവർ ചൂണ്ടികാട്ടി.