യുഎഇയിൽ താമസ വീസ പുതുക്കാൻ പുതിയ മാനദണ്ഡം.ആറു മാസത്തിൽ കൂടുതൽ കാലാവധിയുള്ള താമസ വീസ പുതുക്കാനാവില്ലെന്ന് താമസ തിരിച്ചറിയൽ വിഭാഗം വ്യക്തമാക്കി. ഫെബ്രുവരി 1 മുതൽ നിലവിൽ വന്ന സ്മാർട്ട് സർവീസ് സംവിധാനം അനുസരിച്ചാണ് പുതിയ തീരുമാനം.
നേരത്തെ ഒരു വർഷം വരെ കാലാവധിയുള്ള വീസ പുതുക്കാൻ യുഎഇ അനുമതി നൽകിയിരുന്നു.അപേക്ഷകന്റെ പാസ്പോർട്ടിന് കുറഞ്ഞത് 6 മാസമെങ്കിലും കാലാവധി ഉണ്ടാകുക, മെഡിക്കൽ ടെസ്റ്റ് പാസാകുക, ഹെൽത്ത് ഇൻഷുറൻസ് എടുക്കുക എന്നിവയാണ് പ്രധാന നിബന്ധനകൾ.
അതേസമയം ഓൺലൈൻ സേവനങ്ങൾ വർദ്ധിപ്പിച്ചതായും മന്ത്രാലയം അറിയിച്ചു.വീസ റദ്ദാക്കുക, വിവരങ്ങളിൽ ഭേദഗതി വരുത്തുക തുടങ്ങി ഒട്ടേറെ സേവനങ്ങളാണ് വ്യക്തിഗത സ്മാർട്ട് അക്കൗണ്ടിലൂടെ ലഭ്യമാകുന്നത്. വീസ, എമിറേറ്റ്സ് ഐഡി വിവരങ്ങൾ സംയോജിപ്പിച്ചതോടെ രണ്ടിനും കൂടി ഒരു അപേക്ഷ ഓൺലൈനിൽ നൽകിയാൽ മതിയാകുമെന്നും അതോറിറ്റി വ്യക്താക്കി. പിന്നീട് നിശ്ചിത കേന്ദ്രത്തിൽ നേരിട്ടെത്തി വിരലടയാള നടപടി പൂർത്തിയാക്കാം.
ആദ്യമായി ഓൺലൈൻ സേവനം പ്രയോജനപ്പെടുത്തുന്നവർ ഐസിപി വെബ്സൈറ്റിൽ വ്യക്തിഗത വിവരങ്ങളും യൂസർ ഐഡിയും പാസ് വേർഡും നൽകി അക്കൗണ്ട് സൃഷ്ടിക്കണം. തുടർന്ന് വീസ റിനീവൽ ഓപ്ഷനിൽ പ്രവേശിച്ച് മതിയായ വിവരങ്ങൾ നൽകുകയും ഫീസ് അടക്കുകയും വേണം. പുതിയ എമിറേറ്റ്സ് ഐഡി തപാലിൽ ലഭിക്കും.