സൗദിയിൽ വാടക ഇടപാടുകളുമായി ബന്ധപ്പെട്ട് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു. വാടക ഇടപാടുകൾ ഇജാർ പ്ലാറ്റ്ഫോമിലൂടെ മാത്രമാക്കി നിയന്ത്രിക്കാനാണ് സൗദി റിയൽ എസ്റ്റേറ്റ് അതോറിറ്റി തീരുമാനിച്ചത്. ജനുവരി മുതൽ നിയമം പ്രാബല്യത്തിൽ വരും.
ഇടനിലക്കാരെ ഒഴിവാക്കി സാമ്പത്തിക ഇടപാടുകളുടെ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ജനുവരിയിൽ ഉത്തരവ് പ്രാബല്യത്തിൽ വരുമെങ്കിലും തിയതി ഔദ്യോഗികമായി പിന്നീട് പ്രഖ്യാപിക്കുമെന്ന് ഇജാർ അധികൃതർ അറിയിച്ചു. ഇജാർ പ്ലാറ്റ്ഫോമിന് പുറത്ത് വാടക ഇടപാടുകൾ നടത്തുന്നത് നിയമലംഘനമായി കണക്കാക്കുമെന്നും നിയമലംഘകർക്കെതിരെ പിഴ ഉൾപ്പെടെയുള്ള ശിക്ഷാ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
നിലവിൽ 80 ലക്ഷത്തോളം വാടക കരാറുകളാണ് ഇജാർ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. പ്രതിദിനം ഏകദേശം 18,000 കരാറുകളെന്ന തോതിൽ ഈ വർഷമാണ് ഏറ്റവും കൂടുതൽ വാടക കരാറുകൾ ഇജാറിൽ രജിസ്റ്റർ ചെയ്‌തതെന്ന് റിയൽ എസ്റ്റേറ്റ് അതോറിറ്റി വ്യക്തമാക്കി.