റെമി ലൂസിഡിയെ ഒരിക്കലെങ്കിലും സാമൂഹിക മാധ്യമങ്ങളിലൂടെ കാണാത്തവർ ഉണ്ടാകില്ല. ഒരു പക്ഷേ പേര് ഓർത്തില്ലെങ്കിലും കണ്ടാലറിയാൻ സാധിക്കും. അംബരചുംബികളായ കെട്ടിടങ്ങളുടെ മുകളിൽ കയറുന്ന പ്രശസ്തനായ ഫ്രഞ്ച് സാഹസികനാണ് റെമി ലൂസിഡി. തന്റെ സാഹസിക വിനോദത്തിനിടെ 68 നില കെട്ടിടത്തിന്റെ മുകളിൽനിന്നു വീണു മരിച്ചു. ട്രെഗണ്ടർ ടവർ കോംപ്ലക്സിനു മുകളിൽനിന്നാണു ലൂസിഡി വീണതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കെട്ടിടത്തിന്റെ ഏറ്റവും മുകളിലുള്ള പെന്റ്ഹൗസിന് പുറത്ത് ലൂസിഡി കുടുങ്ങിപ്പോവുകയായിരുന്നു. പിന്നാലെ കാൽതെറ്റി വീണാണു അന്ത്യമെന്നാണു വിവരം. നാൽപ്പതാം നിലയിലുള്ള തന്റെ ഒരു സുഹൃത്തിനെ കാണാനെത്തിയതാണെന്നായിരുന്നു കെട്ടിടത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനോട് ലൂസിഡി പറഞ്ഞത്. വൈകിട്ട് ആറുമണിയോടെയായിരുന്നു ലൂസിഡി എത്തിയത്. എന്നാൽ ലൂസിഡിയെ അറിയില്ലെന്നു 40ാം നിലയിൽ താമസിക്കുന്ന ആൾ വ്യക്തമാക്കിയതോടെ സുരക്ഷാ ഉദ്യോഗസ്ഥൻ ഇയാളെ തടയാൻ ശ്രമിച്ചു. എന്നാൽ അതിനോടകം തന്നെ ലൂസിഡി ലിഫ്റ്റിൽ കയറിയിരുന്നു.
49ാമത്തെ നിലയിൽ ലൂസിഡി എത്തുന്നതും തുടർന്നു പടിക്കെട്ടുകൾ വഴി കെട്ടിടത്തിന്റെ മുകളിലേക്കു പോകുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. പെന്റ്ഹൗസിന്റെ ജനലിൽ ലൂസിഡി തട്ടുകയും പേടിച്ചുപോയ അപ്പാർട്ട്മെന്റിലെ ജോലിക്കാരി പൊലീസിനെ വിളിക്കുകയും ചെയ്തിരുന്നു. പെന്റ്ഹൗസിന് പുറത്ത് കുടുങ്ങിപ്പോയ ലൂസിഡി തന്റെ ബാലൻസ് നഷ്ടമാവുന്നതിന് മുൻപു സഹായത്തിനായി ജനലിൽ തട്ടുകയായിരുന്നെന്നാണു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലൂസിഡിയുടെ ക്യാമറ സംഭവസ്ഥലത്തുനിന്നും പൊലീസ് കണ്ടെത്തി.